മികച്ച വില്ലേജ് ഓഫീസർമാരായി മൂന്നു വനിതകൾ
1516218
Friday, February 21, 2025 3:47 AM IST
പത്തനംതിട്ട: ജില്ലയിൽ നിന്നു മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട മൂവരും വനിതകൾ. റവന്യുവകുപ്പിന്റെ പുരസ്കാരങ്ങളിലാണ് മികച്ച വില്ലേജ് ഓഫീസർമാരെ തെരഞ്ഞെടുത്തത്.
ജില്ലയിലെ മികച്ച വില്ലേജായി കോന്നിയെയാണ് തെരഞ്ഞെടുത്തത്. മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ ദിവ്യ കോശി (പുറമറ്റം), എൻ. മിനി കുമാരി (കവിയൂർ), ടി.ജി. മായ (കാവുംഭാഗം) എന്നിവരാണ്. പ്രവർത്തന മികവും റവന്യു വകുപ്പുമായി ബന്ധപ്പെട്ട നികുതി സമാഹരണത്തിലെ പുരോഗതിയും വിലയിരുത്തിയാണ് പുരസ്കാരം നിശ്ചയിച്ചത്.
2018ലെ പ്രളയം, കോവിഡ് 19 കാലയളവിലും മികവാർന്ന പ്രവർത്തനം നടത്തിയവരാണ് മൂന്ന് വില്ലേജ് ഓഫീസർമാരും. ജില്ലയിലെ മികച്ച സർവേ സൂപ്രണ്ടായി എം.എസ്. ഗീതാമണിയമ്മയും (പത്തനംതിട്ട), ഹെഡ് സർവേയറായി (ദക്ഷിണ മേഖല) എൻ. കെ. മനോജും (അടൂർ), സർവേയറായി ജി.എസ്. സജി കുമാറും (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മികച്ച വില്ലേജ് ഓഫീസായ തെരഞ്ഞെടുക്കപ്പെട്ട കോന്നിയിൽ വിനോദ് ജോർജാണ് നിലവിൽ വില്ലേജ് ഓഫീസർ. നികുതി പിരിവിലും റവന്യു റിക്കവറി നടപടികളിലെ വേഗവും അപേക്ഷകളിൽ പെട്ടെന്നുള്ള തീരുമാനങ്ങളുമെല്ലാം കോന്നി വില്ലേജ് ഓഫീസിനെ പുരസ്കാര നിറവിലേക്ക് എത്തിച്ചു.