കാട്ടാന മേഞ്ഞു; കിഴക്കൻ മലയോരത്ത് വൻനാശനഷ്ടം
1516554
Saturday, February 22, 2025 3:10 AM IST
കുന്പളത്താമണ്ണിൽ കാട്ടാന സ്ഥിരം ശല്യക്കാർ
പത്തനംതിട്ട: കിഴക്കൻ മലയോര മേഖലയിൽ കാട്ടാന സ്ഥിരം ശല്യക്കാർ. വടശേരിക്കര ഗ്രാമപഞ്ചായത്ത് ഒന്പതാം വാർഡ് പ്രദേശങ്ങളായ കുന്പളത്താമൺ ഭാഗത്ത് ആന സ്ഥിരം ശല്യമായി മാറിയിരിക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ നാടുകയറുന്ന കാട്ടാന കൃഷിയിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടം വരുത്തുന്നുണ്ട്. ആനയെ ഭയന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പടക്കം പൊട്ടിച്ചും തീ കൂട്ടിയും ആനയെ തുരത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.
മൂന്നും നാലും ആനകളുടെ കൂട്ടമാണ് ഈ ഭാഗങ്ങളിൽ നിത്യസന്ദർശകരായിരിക്കുന്നത്. കൃഷിയിടങ്ങൾ തേടിയിറങ്ങുന്ന ആനകൾ പച്ചപ്പ് കാണുന്ന പ്രദേശങ്ങളിലെല്ലാം മേയുകയാണ്. പ്ലാവിലെ ചക്ക ലക്ഷ്യമിട്ടാണ് ഇവ എത്തുന്നതെന്ന് പറയുന്നു. തെങ്ങുകളും വ്യാപകമായി നശിപ്പിച്ചു.
കുന്പളത്താമൺ കണ്ണാട്ടുമൺ ജോയിയുടെ കൃഷിയിടം പൂർണമായി നശിപ്പിച്ചു. 32 മൂട് കമുക് നശിപ്പിച്ചു. മെച്ചപ്പെട്ട വിളവ് പ്രതീക്ഷിച്ച് കൃഷി നടത്തിയിരുന്ന കമുകിൻ തൈകളാണ് നശിപ്പിച്ചത്. ഇതോടൊപ്പം തെങ്ങ്, കശുമാവ് തുടങ്ങിയവയും നശിപ്പിച്ചു.
കോമാട്ട് റെയിസന്റെ ഫാം ഉൾപ്പെടെ തകർത്തു. വൃക്ഷങ്ങൾക്കും നാശനഷ്ടമുണ്ടാക്കി. തെക്കേമണ്ണിൽ ടി.കെ. പ്രസാദ്, തേറകക്കുഴിയിൽ അമ്മിണി വർഗീസ് എന്നിവരുടെ പുരയിടങ്ങളിലും ആന നാശമുണ്ടാക്കി. വാഴ, തെങ്ങ് തുടങ്ങിയവ പൂർണമായി നശിപ്പിച്ചു.
ആനയും കുരങ്ങും പന്നിയും എല്ലാം നിത്യസന്ദർശകരായ മേഖലയിൽ മറ്റു കൃഷികൾ ഒന്നും സാധ്യമാകാതെ വന്നതോടെയാണ് തെങ്ങും കമുകും അടക്കം കൃഷി ചെയ്തു തുടങ്ങിയത്. എന്നാൽ ഇതും വ്യാപകമായി നശിപ്പിക്കുകയാണ്. തെങ്ങിൽ നിന്ന് നാളികേരം കർഷകർക്കു ലഭിക്കുന്നില്ല.
തെങ്ങിൽ നിന്നും കരിക്ക് വ്യാപകമായി കുരങ്ങ് അടക്കമുള്ളവ നശിപ്പിച്ചിരിക്കുകയാണ്. നൂറുകണക്കിന് തെങ്ങുകൾ ഉണ്ടെങ്കിലും നാളികേരം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണെന്ന് കർഷകനായ ജോയി കണ്ണാട്ടുമണ്ണിൽ പറഞ്ഞു.ചക്ക ഉൾപ്പെടെയുള്ള ഫലങ്ങളും ആനയ്ക്കു തീറ്റയായി മാറുകയാണ്.
സോളാർ വേലികളും ഫലവത്തല്ല
വടശേരിക്കര, കുന്പളത്താമൺ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ ആനയെ തുരത്താൻ പര്യാപ്തമാകുന്നില്ല. സോളാർ വേലികൾ തകർത്താണ് ആന ഉള്ളിലേക്കു കടക്കുന്നത്. വേലിയ്ക്ക് ആന നാശമുണ്ടാക്കാറുണ്ട്.
വേലി തകർക്കാൻ ഇവയ്ക്കു കഴിയുന്നുണ്ട്. അല്ലെങ്കിൽ വേലിയിലേക്ക് വൃക്ഷങ്ങൾ തള്ളിയിട്ടും അപകടസാധ്യത ഒഴിവാക്കും. സോളാർ വേലികൾ സ്ഥാപിച്ച വനപാലകരും പഞ്ചായത്തും ഇവയുടെ സംരക്ഷണം കൃത്യമായി നടപ്പാക്കാതെ വന്നതോടെയാണ് ആന ഇവ നശിപ്പിച്ചു തുടങ്ങിയത്. കിടങ്ങുകൾ കുഴിച്ച ഭാഗത്തും ആന മറുകര കടക്കുന്നുണ്ട്. കിടങ്ങുകൾ ഇടിച്ചു നിരത്തി തോട്ടം മേഖലകളിലൂടെ കൃഷിയിടങ്ങളിലേക്ക് ആന കടക്കുന്ന പാതകളും ഈ പ്രദേശങ്ങളിൽ കാണാം.
വനപാലകർ ഈ പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുമെങ്കിലും കൂട്ടമായി എത്തുന്ന ആനയെ പൂർണമായി തുരത്താൻ ആകുന്നില്ല. വിവിധയിടങ്ങളിലായാണ് പലപ്പോഴും ആനയുടെ ഇറക്കം. പ്രദേശവാസികൾ ഉറക്കമൊഴിച്ചിരുന്നാണ് ഇവയുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപെടുന്നത്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന മൃഗങ്ങൾ പലപ്പോഴും ആക്രമണകാരികളായി മാറാറുണ്ട്.
കുളത്തുമണ്ണിൽ നശിപ്പിച്ചത് കുലച്ച വാഴകൾ
കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം ഇറങ്ങി നശിപ്പിച്ചത് കുലച്ച 350 വാഴകൾ. 80 സെന്റു സ്ഥലത്തെ വാഴക്കൃഷി നശിപ്പിച്ചതായി കർഷകർ പറഞ്ഞു. കുളത്തുമൺ വിളയിൽ പടിഞ്ഞാറ്റേതിൽ ഓമനക്കുട്ടൻ പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഭൂമിയിലാണ് ആന നാശം വിതച്ചത്. സമീപത്തെ ഹാരിസൺ എസ്റ്റേറ്റ് വഴിയെത്തിയ ആന വാഴകൾ പിഴുതെറിഞ്ഞു. പിണ്ടിയും വാഴക്കുലകളും തിന്നു.
രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷടം ഉണ്ടായിട്ടുണ്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു. ബാങ്ക് വായ്പയെടുത്താണ് കൃഷി നടത്തിയത്. ആറു ലക്ഷം രൂപയുടെ വായ്പയാണ് കൃഷി ആവശ്യത്തിനായി കേരള ഗ്രാമീൺ ബാങ്കിൽ നിന്നെടുത്തിരിക്കുന്നതെന്ന് ഓമനക്കുട്ടൻ പറഞ്ഞു.
വർഷങ്ങൾക്കു ശേഷമാണ് കുളത്തുമണ്ണിലെ ഈ കൃഷിയിടത്തിലേക്ക് ആന കയറിയത്. കഴിഞ്ഞ വർഷം കൃഷിയിടത്തിലിറങ്ങിയ കുരങ്ങുകൾ ഏത്തവാഴക്കുലകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ലാഭം പ്രതീക്ഷിച്ചു നടത്തുന്ന കൃഷി തുടർച്ചയായി നഷ്ടത്തിലാകുന്നതിന്റെ നിരാശയിലാണ് കർഷകർ.