അടൂർ ജിഎച്ച്എസ്എസിൽ മോഡൽ യൂത്ത് പാർലമെന്റ്
1516219
Friday, February 21, 2025 3:47 AM IST
അടൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ അവതരിപ്പിച്ച മോഡൽ യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി. സംസ്ഥാന പാർലമെന്ററി ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല മോഡൽ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ ഭാഗമായിട്ടാണ് അവതരണം നടന്നത്.
ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ 90 മിനിട്ട് ദൈർഘ്യമുള്ള ഒരു ഗ്രൂപ്പ് റോൾ പ്ലേയിലൂടെ കുട്ടികൾ അവതരിപ്പിച്ചു. രാഷ്ട്രപതിയുടെ പാർലമെന്റ് അഭിസംബോധനയോടെ ആരംഭിച്ച നടപടി ക്രമങ്ങളിൽ പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ, ഡോ. മൻമോഹൻ സിംഗിനുള്ള അനുശോചന പ്രമേയം, ഏറ്റവും സമകാലിക പ്രസക്തിയുള്ള ചോദ്യോത്തരവേള, ഭക്ഷ്യവിലക്കയറ്റത്തെ മുൻ നിർത്തിയുള്ള അടിയന്തര പ്രമേയം എന്നിങ്ങനെ രണ്ട് ദിവസത്തെ സഭാ നടപടിക്രമങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് നിരീക്ഷകരായ പുരുഷോത്തമൻ നായർ, ബാലമുരളി എന്നിവർ അവതരണം വിലയിരുത്തി നിർദേശങ്ങൾ നൽകി. കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനും പാർലമെന്റിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് മോഡൽ പാർലമെന്റ് മത്സരം സംഘടിപ്പിക്കുന്നത്. പിടിഎ പ്രസിഡന്റ് ആർ. സോമനാഥപിള്ള അധ്യക്ഷത വഹിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജി വർഗീസ്, പി.ആർ. ഗിരീഷ്, സൂസൻ സി. താമരയ്ക്കൽ, സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർഎം. ഷൈജ എന്നിവർ പ്രസംഗിച്ചു.