സർക്കാർ ആശുപത്രികളിൽ ഡോക്ടർ ക്ഷാമം
1516210
Friday, February 21, 2025 3:40 AM IST
പത്തനംതിട്ട: ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാർ ഇല്ലാതെ ചികിത്സ മുടങ്ങുന്നു. അസിസ്റ്റന്റ് സർജൻമാരില്ലാത്തത് ഗ്രാമീണ മേഖലയിലടക്കം വലിയ വെല്ലുവിളിയായി മാറുകയാണ്. എംബിബിഎസ് പൂർത്തിയാക്കിയവർക്കാണ് അസിസ്റ്റന്റ് സർജൻ തസ്തികയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം നിയമനം നൽകുന്നത്.
ഡോക്ടർമാരുടെ വിഭാഗത്തിൽ ആരോഗ്യവകുപ്പിലെ ആദ്യ നിയമനം അസിസ്റ്റന്റ് സർജനായാണ്. സീനിയർ ഡോക്ടർമാർക്ക് സഹായികളായാണ് ഇത്തരം ഡോക്ടർമാർ പ്രവർത്തിക്കുക. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ 15 അസിസ്റ്റന്റ് സർജൻമാരുടെയും രണ്ട് സിവിൽ സർജൻമാരുടെയും ഒഴിവുണ്ട്.
ഗ്രാമീണ മേഖലയിലുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഡോക്ടർമാരുടെ ആഭാവത്തിൽ പ്രതിസന്ധി നേരിടുകയാണ്. ഒരു ഡോക്ടർ അവധിയായാൽ പകരം ഡോക്ടറില്ല. എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാകില്ല. പലപ്പോഴും ഡോക്ടർ എത്തുന്ന ദിവസം വരെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരും.
ഡോക്ടർമാരുടെ അഭാവത്തിൽ പ്രതിരോധ കുത്തിവയ്പുകൾ അടക്കം മുടങ്ങുന്ന സാഹചര്യവുമുണ്ട്. എൻഎച്ച്എം കൂടി ആയതോടെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒന്നിലധികം ഡോക്ടർമാരെ നിയമിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ താത്കാലികാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാൻ ഡോക്ടർമാർക്കു താത്പര്യമില്ലാത്തതാണ് നിയമനം തടസപ്പെടാൻ കാരണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എംബിബിഎസ് ബിരുദധാരികളായ ഡോക്ടർമാരുടെ നിയമനം പിഎസ്സി മുഖേന നടക്കാത്തതിനാൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ്. കോന്നി സർക്കാർ മെഡിക്കൽ കോളജിലടക്കം നിയമനം താത്കാലികാടിസ്ഥാനത്തിലാണ്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നിലധികം ഒഴിവുകൾ
കൂടുതൽ രോഗികളെത്തുന്നതും അത്യാവശ്യ കിടത്തി ചികിത്സാ സൗകര്യമുള്ളതുമായ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ ക്ഷാമമുണ്ട്. ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരുടെ ഒഴിവ് നിലവിലുണ്ട്.
അടൂർ ജനറൽ ആശുപത്രിയിലും തുന്പമൺ, ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഓരോ ഒഴിവുണ്ട്. ഏഴംകുളം, കുളനട, വെച്ചൂച്ചിറ, കോന്നി, നിലയ്ക്കൽ, കൊക്കാത്തോട്, തുമ്പമൺ, കൂടൽ, വല്ലന, ആനിക്കാട്, മല്ലപ്പള്ളി പിഎച്ച്സികളിലും ഒഴിവുണ്ട്.