അവിശ്വാസത്തിൽ അടിപതറി സിപിഎം; നിർണായകമായി ഉപതെരഞ്ഞെടുപ്പുകൾ
1516558
Saturday, February 22, 2025 3:10 AM IST
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അയിരൂർ, പുറമറ്റം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 24നു നടക്കും. രണ്ട് പഞ്ചായത്തുകളിലെയും ഉപതെരഞ്ഞെടുപ്പുകള്‍ സിപിഎമ്മിന് ജീവന്മരണ പോരാട്ടമാണ്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലും സിപിഎമ്മിന്റെ വിപ്പിന് വില കല്പിക്കാതെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി മെംബർമാരുൾപ്പെടെ യുഡിഎഫിനു വോട്ടു ചെയ്തത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
കോയിപ്രം ബ്ലോക്കിലും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലും പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങൾ തെറ്റിപ്പോയെന്ന അഭിപ്രായം അണികൾക്കിടയിലും ശക്തമാണ്. ഭരണസമിതികളുടെ കാലാവധി അവസാനിക്കാനിരിക്കേയുണ്ടായ അവിശ്വാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രാദേശികമായ സാഹചര്യങ്ങൾ കൂടി വിലയിരുത്തിക്കൊണ്ടായിരുന്നില്ലെന്ന വിമർശനം നേതൃത്വത്തിനു നേരെ ഉയരുന്നുണ്ട്.
അയിരൂരിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ വിമൽ പഞ്ചായത്തംഗത്വം രാജിവച്ചതിനേ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാഹചര്യവും പാർട്ടിയെ വെട്ടിലാക്കുന്നതാണ്.
സിപിഎമ്മുമായുള്ള അഭിപ്രായ ഭിന്നതയേ തുടര്‍ന്നാണ് തടിയൂര്‍ - പുത്തേഴം വാര്‍ഡിലെ മെംബർ സ്ഥാനം ശ്രീജ വിമൽ രാജിവച്ചത്. ഇതേ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ലോണിഷ ഉല്ലാസും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീജ വിമലിനോട് 103 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കോണ്‍ഗ്രസിലെ പ്രീത ബി. നായരും ബിജെപിയിലെ എസ്. ആശയുമാണ് മത്സരിക്കുന്നത്.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പും സിപിഎമ്മിനു നിർണായകമാണ്. വാർഡ് മെംബറായിരുന്ന സിപിഎമ്മിലെ റേച്ചൽ ബോബൻ അയോഗ്യതയായതിനേതുടര്ന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. 2015-2020 കാലയളവില്‍ യുഡിഎഫ് മെംബറും, പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന റേച്ചല്‍ ബോബന് ധാരണയനുസരിച്ചുള്ള കാലാവധിക്ക് ശേഷമാണ് രാജിവച്ചത്.
തുടര്‍ന്ന് സിപിഎം ചേരിയില്‍ ചേര്‍ന്നുകൊണ്ട് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന വിനീത് കുമാറിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിനീത് കുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയേതുടര്‍ന്നാണ് അയോഗ്യത പ്രഖ്യാപിച്ചത്.