കുടിവെള്ള പ്രശ്നം; ദേശീയ ഹൈവേ അഥോറിറ്റിക്കെതിരേ പ്രതിഷേധവുമായി കൗൺസിലർമാർ
1516560
Saturday, February 22, 2025 3:10 AM IST
പത്തനംതിട്ട : നഗരസഭയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദേശീയ ഹൈവേ അഥോറിറ്റി അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ നടന്നു. താഴേ വെട്ടിപ്പുറത്ത് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തോടു ചേർന്നുള്ള സ്ഥലത്താണ് ഭരണപക്ഷ കൗൺസിലർമാർ ധർണ നടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപത്തു കൂടി കടന്നു പോകുന്ന റോഡ് സമീപ കാലത്ത് പിഡബ്ല്യുഡി നാഷണൽ ഹൈവേ അഥോറിറ്റിക്ക് കൈമാറിയിരുന്നു. ഈ ഭാഗത്ത് പൊട്ടിപ്പോയ പൈപ്പ് ലൈനുകൾ മാറ്റിയിടുന്നതിന് റോഡ് കുറച്ച് ഭാഗം മുറിച്ചു മാറ്റേണ്ടതായിട്ടുണ്ട് റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് ദേശീയ ഹൈവേ അഥോറിറ്റിയുട അനുമതി ആവശ്യമാണ്.
താഴെ വെട്ടിപ്പുറം, മുണ്ടുകോട്ടയ്ക്കൽ പ്രദേശങ്ങളിൽ ഉൾപ്പെട്ട അഞ്ച് വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ജല അഥോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. എന്നാൽ പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ പ്രയോജനപ്പെടണമെങ്കിൽ റോഡ് മുറിച്ച് പുതിയതായി സ്ഥാപിച്ച പൈപ്പ് പഴയ ലൈനിലേക്ക് കണക്ഷൻ നൽകണം. ഇതിനുള്ള അനുമതിക്കായി ജല അഥോറിറ്റി ദേശീയ പാത അഥോറിറ്റിയെ സമീപിച്ചെങ്കിലും നാളിതുവരെ അനുമതിയുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.
ജല അഥോറിറ്റിയുടെയും ദേശീയ പാത അഥോറിറ്റിയുടെയും പിഡബ്യുഡിയുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കണമെന്ന് ജില്ലാ കളക്ടറോട് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ധർണയുടെ ഉദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ആർ. സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ വി. ആർ. ജോൺസൺ, കെ. ആർ. അജിത് മുമാർ, ശോഭാ കെ. മാത്യു, നീനു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.