വൈവിധ്യവത്കരണ രംഗത്തേക്ക് കുന്നന്താനം ഗ്രീന്‍പാര്‍ക്ക്
1516569
Saturday, February 22, 2025 3:22 AM IST
പാഴ്വസ്തുക്കളില് നിന്നുള്ള ഉത്പന്നങ്ങള്‍ അടുത്തമാസം മുതല്‍
കുന്നന്താനം: വൈവിധ്യമാര്‍ന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കുള്ള ചുവട് വയ്പുമായി മാറുകയാണ് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തുടങ്ങിയ ഗ്രീന്‍ പാര്‍ക്ക്. പാഴ്വസ്തുക്കള് സംസ്കരിച്ചു ലഭിക്കുന്ന വസ്തുക്കള്‍ ചെറുകണങ്ങളാക്കി (ഗ്രന്യൂള്‍) മാറ്റുന്ന സംവിധാനമാണ് അടുത്തമാസം തുടങ്ങുന്നത്. ഇതോടെ വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മിതിക്കായി ഇവ പ്രയോജനപ്പെടുത്താനാകും.
ഹരിത കര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കള് തദ്ദേശ സ്ഥാപനതലത്തില്‍ തരംതിരിച്ച് പുനഃചംക്രമണ യോഗ്യമായവ ഫാക്ടറിയില്‍ എത്തിച്ചാണ് തരികളാക്കുന്നത്. 100 -150 ടണ്‍ പ്ലാസ്റ്റിക് വരെ ജില്ലയില്‍ പ്രതിമാസം ശേഖരിക്കുന്നുണ്ട്. പുനഃചംക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും ഇവിടേക്ക് എത്തുന്നുണ്ട്. ദിവസവും രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ പ്ലാസ്റ്റിക് സംസ്കരണമാണ് സാധ്യമാകുന്നത്.
10000 ചതുരശ്ര അടി കെട്ടിടത്തില്‍ ബെയ്ലിങ്ങിനും വാഷിംഗിനുമുള്ള യന്ത്രങ്ങൾ, ഗ്രാന്യൂള്‍സ് സൂക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണ്‍, സോളര്‍ പവര്‍ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനവും ക്ലീന്‍കേരള കമ്പനിയും ജില്ലാപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ ഭാഗമാണിത്.
മാലിന്യമുക്ത കേരളത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ചുവരികയാണ്. മാലിന്യശേഖരണത്തിനൊപ്പം സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗമായി ഹരിതകർമസേനയുടെ പ്രവര്‍ത്തനം മാറിയിട്ടുമുണ്ട്.
വൃത്തിയാക്കിയ അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച്, എംസിഎഫില്‍ എത്തിക്കുന്നത് സേനാംഗങ്ങളുടെ പ്രധാന ജോലിയാണ്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളെല്ലാം ഇവിടെ ഒരുക്കിയിട്ടുള്ള ആധുനിക സംവിധാനങ്ങളിലൂടയാണ് പുന:ചംക്രമണത്തിന് വിധേയമാക്കുന്നത്. ഇതാണ് ഉത്പന്നവൈവിധ്യത്തിന്റെ അനന്തസാധ്യതകളിലേക്ക് കടക്കുന്നത്.