ജില്ലയിൽ ക്രിമിനൽ, മാഫിയ സംഘങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു: ഡിസിസി പ്രസിഡന്റ്
1516561
Saturday, February 22, 2025 3:10 AM IST
പത്തനംതിട്ട: ജില്ലയിൽ ഭരണത്തിന്റെ തണലിൽ സിപിഎം ക്രിമിനൽ, മദ്യ, മയക്കുമരുന്ന് സംഘങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുകയാണന്ന് ഡിസിസി പ്രസിഡന്റ പ്രഫ. . സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കാപ്പാ കേസിലെ പ്രതിയെ ഗുണ്ടാ ലിസ്റ്റിൽപെടുത്തി നാടുകടത്തിയപ്പോൾ ആ പ്രതിയുടെ ജയിൽവാസത്തെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയിൽവാസവുമായി ഉപമിച്ച മുൻ ജനപ്രതിനിധി കൂടിയായ സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി ഹീനവും അപലപനീയവുമാണ്. നിരപരാധികൾക്കെതിരായ പോലീസ് ലാത്തിച്ചാർജുകളും മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടവും ക്വാറി, മണ്ണ് മാഫിയകളുടെ നിയമവിരുദ്ധപ്രവർത്തനങ്ങളും ജില്ലയിൽ വർധിച്ചു വരികയാണ്.
ഇത് നിയന്ത്രിക്കുവാൻ ജില്ലയിലെ പോലീസിനു കഴിയുന്നില്ല. സമസ്ത മേഖലകളിലും ഭരണ സ്തംഭനവും വികസന മുരടിപ്പുമാണ് നിലനിൽക്കുന്നത്. ആരോഗ്യ മന്ത്രിയും സിപിഎം പ്രതിനിധിയായ മുനിസിപ്പൽ ചെയർമാനും തമ്മിലുള്ള പടല പിണക്കവും അധികാര തർക്കവും ടൗൺ സ്ക്വയർ ഉദ്ഘാടനത്തിൽ അവതാരകന് മർദനം ഏൽക്കുന്ന സംഭവം വരെ എത്തി.
ജില്ലയിലെ വിവിധ വാർഡുകളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
പെരുനാട്ടിൽ ജിതിൻ എന്നയാൾ കൊല്ലപ്പെട്ടസംഭവം സിപിഎം രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി. എന്നാൽ ഇത് രാഷ്ട്രീയ കൊലപതകമല്ലെന്നും അണികളെ കൂടെ നിർത്താവേണ്ടിയാണ് സിപിഎം ഇങ്ങനെ പ്രചരിപ്പിച്ചതെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പറഞ്ഞു.