എംസിവൈഎം പത്തനംതിട്ട ഭദ്രാസനം കർമ പദ്ധതി ഉദ്ഘാടനം നാളെ
1516557
Saturday, February 22, 2025 3:10 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) പത്തനംതിട്ട ഭദ്രാസന കർമപദ്ധതി റേമ 2025 ന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കൈപ്പട്ടൂർ സെന്റ് അഗസ്റ്റിൻ മലങ്കര സുറിയാനി കത്തോലിക്കാപള്ളിയിൽ ഉച്ചകഴിഞ്ഞ് 1.30 ന് മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത കർമ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ വിനോദ് മാത്യു വിൽസൺ യുവജന സെമിനാർ നയിക്കും.
ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിക്കും. കഴിഞ്ഞ പ്രവർത്തന വർഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് ചടങ്ങിൽ നൽകും. ഈ വർഷം മലങ്കര സുറിയാനി കത്തോലിക്ക സഭ വചന വർഷമായി പ്രത്യേകം ആഘോ ഷിക്കുമ്പോൾ യുവജനങ്ങളേ ദൈവവചനത്തിൽ വസിക്കുക എന്ന ആപ്തവാക്യത്തെ മുൻനിർത്തിയാണ് പത്തനംതിട്ട ഭദ്രാസനം ഈ വർഷത്തെ പ്രവർത്തനങ്ങൾ തയാറാക്കിയിരിക്കുന്നത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാർഷിക ആഘോഷങ്ങൾക്കും സഭാ സംഗമത്തിനും ആതിഥേയത്വം അരുളുന്നത് പത്തനംതിട്ട ഭദ്രാസനമാണ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. 34 ാമത് സഭാതല അന്തർദേശിയ യുവജന കൺവൻഷനും പത്തനംതിട്ട ഭദ്രാസനം നേതൃത്വം നൽകും.
അഞ്ച് വൈദിക ജില്ലകളിൽ നിന്നായി 500 ൽ അധികം യുവജനങ്ങൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്കോട്ട് സ്ളീബാ പുളിമൂടൻ, ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം, വൈസ് പ്രസിഡന്റ് ലിന്റോ തോമസ്, കെസിവൈഎം പ്രതിനിധി നിബിൻ പി. സാമുവേൽ, സാം കോശി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.