വേനലിന്റെ കാഠിന്യം ഏറിയതിനു പിന്നാലെ വെള്ളത്തിനായി വലഞ്ഞ് വള്ളിക്കോട്
1515891
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: വേനലിന്റെ കാഠിന്യം വർധിച്ചതോടെ തൊണ്ട നനയ്ക്കാൻ വെള്ളമില്ലാതെ നെട്ടോട്ടത്തിലാണ് വള്ളിക്കോട് നിവാസികൾ. പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമാണ്.
ആഴ്ചകളുടെ വ്യത്യാസത്തിലാണ് പലപ്പോഴും ജല അഥോറിറ്റിയുടെ പൈപ്പ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതും ജലാശയങ്ങളും കിണറുകളും വറ്റിയതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. എന്നാൽ ബദൽ സംവിധാനം ഒരുക്കാൻ പഞ്ചായത്ത് തയാറായിട്ടില്ലെന്ന പരാതി വ്യാപകമാണ്. ഇതിനെതിരേ സമരങ്ങളും തുടങ്ങിയിട്ടുണ്ട്.
നരിയാപുരം, വാഴമുട്ടം, കാഞ്ഞിരപ്പാറ, കിടങ്ങേത്ത്, ഭുവനേശ്വരം, തേക്കുംകൂട്ടത്തിൽ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്പോഴും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ് ഇതിനെതിരേ നാട്ടുകാർ പരാതികൾ നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
ഉയർന്ന പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകൾ താണ്ടിയും പണം നൽകിയുമാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.
മോട്ടോർ തകരാറിൽ
വള്ളിക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റർ ടാങ്ക് സ്ഥിതി ചെയ്യുന്നത് പനയംകുന്ന് മുരുപ്പിലാണ്. ഒരു മോട്ടോർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രണ്ട് മോട്ടോറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കേടായ മോട്ടോറിനു പകരം അഞ്ച് മാസം മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കാർഷികമേഖലയും കരിഞ്ഞുണങ്ങി
കാർഷിക മേഖലയായ വള്ളിക്കോട്ടെ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. വേനൽ കടുത്തതിനു പിന്നാലെ ഏത്തവാഴ, നെല്ല്, വെറ്റില തുടങ്ങിയ കൃഷികളെ സാരമായി ബാധിച്ചു. ഏത്തവാഴ പലയിടത്തും പിണ്ടി ഉണങ്ങി ഒടിഞ്ഞുവീണുതുടങ്ങി.
കുലച്ച വാഴകളാണ് നഷ്ടമായത്. ഏത്തവാഴ വിത്ത് നട്ടുപിടിപ്പിച്ചവരുടെയും പ്രതീക്ഷകൾ താളംതെറ്റി. കൃഷിയിടങ്ങളിലേക്കുള്ള ജലസ്രോതസുകളും വറ്റിവരണ്ടു. ഇതോടെ കൃഷികൾ നനയ്ക്കാൻ ബുദ്ധിമുട്ടായി. നെൽകൃഷി കതിര് വന്ന സമയത്താണ് വരൾച്ച ബാധിച്ചിരിക്കുന്നത്.
ടാങ്കറുകളിൽ വെള്ളം
എത്തിക്കണം: കോൺഗ്രസ്
ശുദ്ധജലക്ഷാമം രൂക്ഷമായ സഹാചര്യത്തിൽ വിവിധ ഭാഗങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനം കുടിവെള്ളം തേടി നെട്ടോട്ടം ഓടുമ്പോഴും വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.