സ്നേഹഭവനം സമ്മാനിച്ചു
1515886
Thursday, February 20, 2025 3:16 AM IST
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ.എം. എസ്. സുനില്‍ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പണിതു നല്കുന്ന 344 -മത് സ്നേഹഭവനം ഇരട്ട സഹോദരങ്ങളായ ബിനു പൂത്തുറയുടെയും ബിനോയ് പൂത്തുറയുടെയും സഹായത്താല്‍ കോതമംഗലം ഇഞ്ചൂർ പുത്തന്‍പുരയ്ക്കല്‍ വത്സയ്ക്കും കുടുംബത്തിനുമായി നിര്‍മിച്ചു നല്കി.
വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ജോയി പൂത്തുറ നിര്‍വഹിച്ചു. വര്‍ഷങ്ങളായി സ്വന്തമായി ഒരു ഭവനം നിര്‍മിക്കാനാകാതെ മൂന്നു സെന്റ് ഭൂമിയില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ആയിരുന്നു വത്സയും രോഗാവസ്ഥയിലുള്ള ഭര്‍ത്താവ് തോമസും മകനും ഭാര്യയുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്.
ബിനുവും ബിനോയിയും അവര്‍ സ്വന്തമായി പണിയുന്ന ഭവനത്തോടൊപ്പം മറ്റൊരു നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാണ് വത്സയ്ക്കും കുടുംബത്തിനും വീട് പണിയുവാന്‍ തീരുമാനിച്ചത്.
വാര്‍ഡ് മെംബര്‍ ഷജി ബസി, പ്രോജക്ട് കോഡിനേറ്റര്‍ കെ.പി. ജയലാൽ, പി.എ. യൂസഫ്, ബിജു കുര്യാക്കോസ്, സി. എം. സിയാദ്, പി.എം. പരീത എന്നിവര്‍ പ്രസംഗിച്ചു.