നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും: പ്രമോദ് നാരായണ്‍
1515888
Thursday, February 20, 2025 3:16 AM IST
പെരുന്പെട്ടി: സംസ്ഥാനത്തിന് അഭിമാനമാകുന്ന നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാര്‍ 1.05 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ബാത്റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. റാന്നിയിലെ അങ്കണവാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്കാരം എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് നോളജ് വില്ലേജ്. ലോകം മാറുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന് വര്‍ഗീസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റോബി ഏബ്രഹാം, രാജേഷ് ഡി. നായർ, പ്രധാനാധ്യാപിക എസ്. ബിന്ദു, എഇഒ പി.ആര്. ബിന്ദു, ബിപിസി മെറിന് സ്കറിയ, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എ.കെ. പ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.