ശരാശരി താപനില 35 - 37 ഡിഗ്രി : പകൽച്ചൂടിന് കാഠിന്യമേറി; കുടിവെള്ളം കിട്ടാക്കനി
1516194
Friday, February 21, 2025 3:30 AM IST
പത്തനംതിട്ട: പകൽച്ചൂടിന്റെ കാഠിന്യമേറിയതോടെ ജില്ല കടുത്ത വരൾച്ചയിലേക്ക്. രൂക്ഷമായ ജലക്ഷാമവും വരൾച്ച മൂലമുള്ള കെടുതികളും വരുംദിവസങ്ങളിൽ രൂക്ഷമായേക്കും. ശരാശരി 35 മുതൽ 37 ഡിഗ്രിവരെയാണ് നിലവിൽ പകൽച്ചൂട് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ ഇത് ഉയരാം. അന്തരീക്ഷതാപനില ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും കാഠിന്യം ഏറും.
കഴിഞ്ഞദിവസങ്ങളിൽ രാത്രിയിലുണ്ടായിരുന്ന ശൈത്യം കുറഞ്ഞു. കൊടുംവരൾച്ചയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം അന്തരീക്ഷം മേഘാവൃതമായിരുന്നുവെങ്കിലും വേനൽമഴയുടെ സാധ്യത ഇല്ലെന്നാണ് പറയുന്നത്. ചൂടിന്റെ കാഠിന്യം ഏറിയതിനു പിന്നാലെ ജലസ്രോതസുകൾ വറ്റിവരണ്ടു. പലയിടങ്ങളിലും കിണറുകളും ജലാശയങ്ങളും വറ്റിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ ഇതു കാരണമായിട്ടുണ്ട്.
നദികളിലും തോടുകളിലും അവശേഷിക്കുന്ന നീരുറവകളും വറ്റിത്തുടങ്ങി. പന്പ, മണിമല, അച്ചൻകോവിൽ നദികളിൽ നീരൊഴുക്ക് നാമമാത്രമാണ്. നദീ തീരങ്ങളിലെ കിണറുകളും ജലവിതരണ പദ്ധതികളുടെ സ്രോതസുകളും വറ്റിത്തുടങ്ങി. കടുത്ത വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകാനിടയുണ്ട്. ഇപ്പോൾ തന്നെ പല ജലവിതരണ പദ്ധതികളിലും പന്പിംഗ് നാമമാത്രമാണ്. സ്രോതസുകളിൽ നിന്നും വെള്ളം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
കിണറുകളിൽ ചെളി നിറഞ്ഞതോടെ പന്പുകൾ വേഗത്തിൽ കേടാകുന്നതുമൂലവും പന്പിംഗ് മുടങ്ങുന്ന സാഹചര്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള ജലവിതരണ പദ്ധതികളിൽ സ്രോതസുകളിൽ നിന്നും നേരിട്ടുള്ള പന്പിംഗാണ്. ജലശുദ്ധീകരണ സംവിധാനങ്ങൾ ഇത്തരം പദ്ധതികൾക്കില്ല. ഇതു കാരണം ചെളിവെള്ളമാണ് പലയിടത്തും എത്തുന്നതെന്ന് പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ ജലവിതരണത്തിന് അനുമതിയായില്ല
ജലവിതരണ പദ്ധതികളിലൂടെ പന്പിംഗ് തടസപ്പെട്ടതിനു പിന്നാലെ ഉയർന്ന പ്രദേശങ്ങളിലടക്കം നേരിടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടു തുടങ്ങിയിട്ടില്ല. ടാങ്കർ ലോറികളിലും മറ്റും ജലവിതരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയായിട്ടില്ല. തനതു ഫണ്ട് ഉപയോഗിച്ച് ജലവിതരണം നടത്താൻ കളക്ടറുടെ അനുമതി വേണ്ടതുണ്ട്.
ഇക്കുറി ഫണ്ടിന്റെ അഭാവം പല പഞ്ചായത്തുകളും നേരിടുന്നുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പഞ്ചായത്തുകളും നഗരസഭകളും ടാങ്കർ ലോറികളിൽ ലവിതരണം നടത്തിവന്നിരുന്നത്. എന്നാൽ ഇക്കുറി ജലക്ഷാമം നേരത്തെ തന്നെ രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം വിതരണം ചെയ്യാനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.
സ്വകാര്യ ടാങ്കർ ലോറികളിലെ വെള്ളമാണ് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ആശ്രയമായിട്ടുള്ളത്. വൻ വില ഈടാക്കിയാണ് സ്വകാര്യ ടാങ്കറുകളിൽ വെള്ളം വിൽക്കുന്നത്.
എലിയറയ്ക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം, കാട്ടിലും വെള്ളമില്ല, മൃഗങ്ങൾ നാട്ടിലേക്ക്
കോന്നി: എലിയറയ്ക്കലിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ബുധനാഴ്ച രാത്രിയാണ് എലിയറയ്ക്കലിൽ പ്രവർത്തിക്കുന്ന മില്ലിന്റെ സമീപത്തു കൂടി പുലിയോട് സാദൃശ്യമുള്ള മൃഗം പട്ടിയെ ഓടിക്കുന്ന ദൃശ്യം സിസി ടിവിയിൽ ദൃശ്യമായത്.
രാത്രി പതിനൊന്നോടെ നായ ഉച്ചത്തിൽ കുരച്ചു കൊണ്ട് ഓടിപ്പോകുന്ന ശബ്ദം മില്ലിലെ ഒരു ജീവനക്കാരൻ കേട്ടിരുന്നു. ഒപ്പം ഉറച്ച കാൽവയ്പോടെ പിന്നാലെ ഒരു മൃഗം പിന്തുടരുന്നതായും തോന്നിച്ചു. എന്നാൽ ഭയം മൂലം പുറത്തിറങ്ങി നോക്കിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. വിവരം അപ്പോൾ തന്നെ മില്ല് ഉടമയെ വിളിച്ചറിയിച്ചു.
ഇന്നലെ രാവിലെ മില്ലിൽ എത്തിയ ഉടമ സിസി ടിവി പരിശോധിച്ചപ്പോഴാണ് പുലി എന്ന് സംശയിക്കാവുന്ന ഒരു മൃഗം നായയെ ഓടിക്കുന്ന ചിത്രം കണ്ടത്. എന്നാൽ ദൃശ്യം വ്യക്തമായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം സ്ട്രൈക്കിംഗ് ഫോഴ്സിനെയും പാടം ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. അവർ സ്ഥലത്തെത്തി പരിസരം നിരീക്ഷിച്ചെങ്കിലും കാൽപാദങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പാടം മേഖലയിൽ കഴിഞ്ഞദിവസം കടുവയെ കണ്ടതായ അഭ്യൂഹം പരന്നതിനു പിന്നാലെയാണ് എലിയറയ്ക്കലിൽ പുലി സാന്നിധ്യവുമായി ബന്ധപ്പെട്ട ഭീതി ഉണ്ടായിരിക്കുന്നത്.
കുമ്മണ്ണൂർ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ശല്യവും ഉണ്ടായി. വനവുമായി തൊട്ടടുത്ത പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങൾ ഭീതി പരത്തുന്നത്. വേനലിന്റെ രൂക്ഷത അനുഭവപ്പെട്ടു തുടങ്ങിയതോടെ മൃഗങ്ങൾ കാടിറങ്ങാനുള്ള സാധ്യതയും തള്ളിക്കളായനാകില്ല. എലിയറയ്ക്കലിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ കല്ലേലി തോട്ടവും വനവുമാണ്.
അച്ചൻ കോവിൽ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഭാഗത്ത് പുലി മുമ്പും വന്നിട്ടുണ്ട്. 15 വർഷം മുമ്പ് കുമ്മണ്ണൂരിൽ പുലി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചിരുന്നു. ഐരവൺ ഭാഗത്തും പുലി സാന്നിധ്യം കണ്ടെത്തിയിരുന്നു.
മുണ്ടോംമുഴിയിൽ പകലും കാട്ടാന
തണ്ണിത്തോട് മുണ്ടോംമുഴിയിൽ പട്ടാപ്പകലും കാട്ടാന സാന്നിധ്യം. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കാട്ടാന ഈ പ്രദേശത്തിറങ്ങിയത്. കോന്നിയിൽ നിന്നും തണ്ണിത്തോട്ടിലേക്കുള്ള പാതയിലൂടെ നിരവധി യാത്രക്കാരാണ് കടന്നു പോകുന്നത്.
ആന ഇറങ്ങിയ ഭാഗം വനത്തോടു ചേർന്നതാണ്. കല്ലാറിൽ വെള്ളം കുടിക്കാനായി നിരവധി വന്യജീവികളാണ് എത്തുന്നത്. ആനകളുടെ സ്ഥിരം സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാൽ പ്രധാന പാതയിൽ പകൽസമയത്ത് ആന ഇറങ്ങുന്നത് അപൂർവമായിരുന്നു.