എഐ സാങ്കേതിക വിദ്യയുടെ കുതിപ്പ് വരുതിയില്‍ നിര്‍ത്താനാകണം: ഡോ.ടി.പി. ശ്രീനിവാസന്
1515883
Thursday, February 20, 2025 3:16 AM IST
തിരുവല്ല: എഐ സാങ്കേതിക വിദ്യയുടെ കുതിപ്പ് നല്ലതെങ്കിലും ഇതിനെ വരുതിയില്‍ നിര്‍ത്താനാകുന്നില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ അംബസഡറും നയതന്ത്രജ്ഞനുമായ ഡോ.ടി.പി. ശ്രീനിവാസൻ. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച യോഗത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമാധാനം സൃഷ്ടിക്കാനുള്ള യുണൈറ്റെഡ് നേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്ന് പരക്കെ കണ്ടുവരുന്നത്.
തലതിരിഞ്ഞ ഒരു ലോകക്രമത്തെ തന്നെ ഇതു സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നത് അതിന്റെ സൈന്യബലം ശക്തിപ്പെടുത്തുന്നതിനാണെന്നത് തീര്‍ത്തും ആശങ്കാജനകമാണെന്നും ശ്രീനിവാസന് അഭിപ്രായപ്പെട്ടു.
ഓഡിറ്റോറിയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ക്ക് കോളജ് മാനേജര്‍ ഡോ.യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ നേതൃത്വം നല്കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ. മാത്യു വര്‍ക്കി, കോളജ് ട്രഷറര്‍ തോമസ് കോശി, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. എൻ. എം. മാത്യു, ഗവേണിംഗ് ബോര്‍ഡ് അംഗം ഡോ മോഹന്‍ വര്‍ഗീസ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ചിന്താര എം റെജി, കണ്‍വീനര്‍ പ്രഫ മനേഷ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.