പിഎംജിഎസ്വൈ പദ്ധതി: 77 ഗ്രാമീണ റോഡുകൾക്ക് അനുമതി
1515882
Thursday, February 20, 2025 3:16 AM IST
പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ജി എസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 77 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് പ്രതികൂല കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ നിർമിച്ച്, ദേശീയ നിലവാരത്തിൽ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്.
200 ലധികം റോഡുകൾ സമർപ്പിച്ചെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പിഎം ജിഎസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയാണ് ഉണ്ടായത്.
ആറു മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്കു ശേഷം പട്ടികയിൽ ഇടം പിടിച്ചത്. അഞ്ചു വർഷത്തേക്കാണ് ഈ പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളിൽ നിന്നും 10 ശതമാനം റോഡുകളുടെ നിർമാണം ഉടൻ തന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പിലാക്കും.
പത്തനംതിട്ട ജില്ല രൂപീകൃതമായ ശേഷം ഇതാദ്യമായാണ് ഇത്രയധികം റോഡുകൾക്ക് നിർമാണ അനുമതി ഒരുമിച്ചു ലഭ്യമാകുന്നത്. മലയോര ജനതയുടെ വലിയൊരു വികസന സ്വപ്ന സാക്ഷാത്കാരം ഇതോടെ യാഥാർഥ്യമാവുകയാണെന്ന് എംപി പറഞ്ഞു.
അടിസ്ഥാന വികസന രംഗത്ത് ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസന മുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.