കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1515881
Thursday, February 20, 2025 3:16 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയുടെ കെട്ടിടത്തിനു മുകള്‍ നിലയില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച താത്കാലിക ജീവനക്കാരനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് രക്ഷിച്ചു. മല്ലപ്പള്ളി ഡിപ്പോയിലെ എംപാനല്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍ കെ.വി. ബിനുകുമാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
പുലര്‍ച്ചെ 5.30ന് മല്ലപ്പള്ളി സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി എത്തിയ ബിനുവിനെ ബ്രീത്തിംഗ് അനലൈസര്‍ പരിശോധനയില്‍ 30 ശതമാനം മദ്യത്തിന്റെ സൂചന കണ്ടെത്തിയതായി പറയുന്നു. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സ്ക്വാഡ്, ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തുമ്പോഴും പോകുമ്പോഴും നടത്തുന്ന ദിവസേനയുള്ള പരിശോധനയുടെ ഭാഗമായിരുന്നു ഇത്.
മദ്യത്തിന്റെ സൂചനയുള്ളതിനാല്‍ ബിനുവിനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തുന്ന താത്കാലിക ജീവനക്കാര്‍ക്ക് പിരിച്ചുവിടലാണ് നടപടി.
വിഷയം സംബന്ധിച്ച് സ്ക്വാഡിന്റെ ഉദ്യോഗസ്ഥരെ കണ്ട് സംസാരിക്കാനായി വൈകുന്നേരം പത്തനംതിട്ടയില്‍ ഡിപ്പോയില്‍ എത്തിയതാണ് ബിനു. എന്നാൽ, ബിനുവിനോടു സംസാരിക്കാന്‍ അധികൃതര്‍ തയാറായില്ല.
തുടര്‍ന്നാണ് ബിനു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയത്. മുകളില്‍നിന്ന് ഷെയ്ഡിലിറങ്ങി താഴേക്ക് ചാടാനൊരുങ്ങി. ഈ സമയം ഓടിയെത്തിയ സൂപ്രണ്ട് ലതീഷ് ബിനുവിന്റെ കൈയില്‍ കയറിപ്പിടിച്ചു.
തൂങ്ങിക്കിടന്ന ബിനുവിനെ മറ്റു ജീവനക്കാര്‍ കൂടി ഓടിയെത്തിയാണ് വലിച്ചു കയറ്റിയത്. പോലീസെത്തി ബിനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.