സിപിഎം അംഗം കൂറുമാറി; കോയിപ്രം ബ്ലോക്കിൽ അവിശ്വാസം പാസായി
1515879
Thursday, February 20, 2025 3:16 AM IST
കോഴഞ്ചേരി: സിപിഎം അംഗത്തിന്റെ പിൻബലത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രസിഡന്റ് കെ. കെ. വത്സലയും വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിയുമാണ് പുറത്തായത്. എൽഡിഎഫ് ഭരണത്തിലുള്ള ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം നോമിനിയായിരുന്നു പ്രസിഡന്റ്. സിപിഎമ്മിലെ ധാരണപ്രകാരം പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാതെ വന്നതോടെ ഉടലെടുത്ത പ്രശ്നങ്ങളിൽ നിന്നുള്ള മുതലെടുപ്പിനാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
ആകെയുള്ള 13 അംഗങ്ങളില്‍ യുഡിഎഫ് ആറ്, എല്‍ഡിഎഫ് ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം അയിരൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും തടിയൂർ - ഇടയ്ക്കാട് ഡിവിഷന് മെംബറുമായ ജെസി സൂസന് ജോസഫാണ് കൂറുമാറിയത്. ഇന്നലെ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും സിപിഎം അംഗങ്ങള്‍ വിട്ടുനിൽക്കണമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ചുള്ള വിപ്പ് എൽഡിഎഫ് അംഗങ്ങൾക്കു നൽകുകയും ചെയ്തിരുന്നു.
13 അംഗങ്ങളില്‍ യുഡിഎഫുകാരായ ആറുപേര്‍ മാത്രം പങ്കെടുത്താല്‍ കോറം തികയാതെ യോഗം പിരിച്ചുവിടേണ്ടി വരുമെന്നായിരുന്നു സിപിഎമ്മിലെ കണക്കുകൂട്ടല്‍. എന്നാല്‍ സിപിഎമ്മിനെ അമ്പരപ്പിച്ചുകൊണ്ട് ജെസി സൂസന് ജോസഫ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയിൽ പങ്കെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ ഹൈക്കോടതിയില്‍ നിന്നു പോലീസ് സംരക്ഷണം തേടിയിരുന്നു.
സിപിഎമ്മിനേറ്റ തിരിച്ചടി
കോയിപ്രം ബ്ലോക്ക് പരിധിയിലെ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ രണ്ടുമാസം മുന്‍പ് അവിശ്വാസത്തിലൂടെ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്കു ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണവും സമാന സാഹചര്യത്തിൽ കൈവിട്ടു പോകുന്നത് സിപിഎമ്മിനേറ്റ തിരിച്ചടിയായി.
പാർട്ടി വിപ്പ് അംഗങ്ങൾ പാലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. എന്നാൽ യുഡിഎഫ് ചരടുവലികൾ ജെസി സൂസൻ ജോസഫിനെ മുൻനിർത്തിയായിരുന്നു. ഇക്കാര്യങ്ങൾ അംഗങ്ങൾ സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് പറയുന്നു.
സിപിഎം അംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് രാവിലെ മാറിനിൽക്കണമെന്നും മൊബൈലില്‍ പരസ്പരം ബന്ധപ്പെടണം എന്നായിരുന്നു നിര്‍ദേശം. രാവിലെ 10നുശേഷം ജെസി സൂസന് ജോസഫിനെ ഫോണില്‍ ലഭിക്കാതെയിരുന്നപ്പോള്തന്നെ സിപിഎം അംഗങ്ങള്‍ക്ക് അപകടം മണത്തു. എന്നാല്‍ അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
ജെസി സൂസന് ജോസഫ് ചൊവ്വാഴ്ച വൈകുന്നേരം വരെയും അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വനിതാ മണ്ഡലത്തിൽ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി ലോണിഷ ഉല്ലാസിനുവേണ്ടി പ്രചരണ രംഗത്തുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കോയിപ്രത്ത് കോണ്‍ഗ്രസ് നേടിയ രാഷ്ട്രീയവിജയം സിപിഎമ്മിന് ഇരട്ടപ്രഹരമായി.
രണ്ടുമാസം മുന്‍പ് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ടാണ് സിപിഎം അംഗങ്ങൾ യുഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ചത്. പിന്നീട് യുഡിഎഫ് പിന്തുണയിൽ സിപിഎമ്മുകാരനായിരുന്ന ആർ. കൃഷ്ണകുമാർ പ്രസിഡന്റാകുകയും ചെയ്തു.
സിപിഎമ്മിന്റെ കോഴഞ്ചേരി ഏരിയാകമ്മിറ്റിയുടെ കീഴിലുള്ള അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ മെംബറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്രീജ വിമല്‍ കഴിഞ്ഞയിടെ പാര്‍ട്ടിയിലെ ഭിന്നതയെമൂലം മെംബര്‍സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പാണ് 23നു നടക്കുന്നത്.
അവിശ്വാസപ്രമേയം പാസായതോടെ പുതിയ പ്രസിഡന്റായി യുഡിഎഫ് ചേരിയിലെത്തിയ ജെസി സൂസന് ജോസഫും ചരല്‍ക്കുന്ന് ഡിവിഷനെ പ്രതിനിധീകരിക്കുന്ന അനീഷ്കുമാർ വൈസ് പ്രസിഡന്റും ആകാനാണ് സാധ്യത എന്നറിയുന്നു.
ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനായതിലുള്ള ആഹ്ലാദത്തിലാണ് കോൺഗ്രസ്. യുഡിഎഫ് ചേരിയിലെത്തിയ ജെസി സൂസൻ ജോസഫിനെ അവിശ്വാസം പാസായതിനു പിന്നാലെ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയുടെ നേതൃത്വത്തിൽ മാലയിട്ടു സ്വീകരിച്ചു.
കോണ്‍ഗ്രസിലെ ഉണ്ണി പ്ലാച്ചേരി കൂറുമാറിയതിലൂടെയാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം സിപിഎമ്മിനു ലഭിച്ചത്. അതേ നാണയത്തില്‍ തന്നെ മറുപടി പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
യുഡിഎഫ് ഭരണസമിതിയെ പുറത്താക്കിയതും അവിശ്വാസത്തിലൂടെ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചത്. ഏഴ് അംഗങ്ങൾ യുഡിഎഫിനും ആറ് അംഗങ്ങൾ എൽഡിഎഫിലുമായിരുന്നു.
കോൺഗ്രസിലെ ജിജി ജോൺ മാത്യു പ്രസിഡന്റും ലാലു തോമസ് വൈസ് പ്രസിഡന്റുമായി. എന്നാൽ ഭരണത്തിലെ അസ്വാരസ്യം മുതലെടുത്ത് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയെ മറുകണ്ടം ചാടിച്ചാണ് യുഡിഎഫിനെ അധികാരത്തിൽ നിന്നു പുറത്താക്കിയത്. പിന്നാലെ എൽഡിഎഫിൽ നിന്ന് ശോശാമ്മ ജോസഫ് പ്രസിഡന്റും ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റുമായി.
കഴിഞ്ഞ ഓഗസ്റ്റ് 23ന് കെ.കെ. വത്സല കാലാവധി പൂര്‍ത്തീകരിച്ചു രാജിവയ്ക്കണമെന്നായിരുന്നു സിപിഎം ധാരണ. എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും സിപിഎം ജില്ലാ കമ്മിറ്റിയും കെ.കെ. വത്സല രാജിവയ്ക്കണമെന്ന നിർദേശം നൽകിയിരുന്നതായി പറയുന്നു. എന്നാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ മെംബർ സ്ഥാനവും രാജിവയ്ക്കുമെന്ന കെ.കെ.വത്സലയുടെ ഭീഷണിയാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത്.