കോഴി കൂവുന്നതു പ്രശ്നമായി, പരാതി പരിഹരിച്ച് ആർഡിഒ
1515478
Wednesday, February 19, 2025 3:14 AM IST
അടൂർ: പൂവൻകോഴി പുലർച്ചെ കൂവുന്നതുമായി ബന്ധപ്പെട്ട പരാതി രമ്യമായി പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് അടൂർ ആർഡിഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീട്ടിലെ കോഴി കൂവുന്നതാണ് പ്രശ്നമായത്.
പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നതു മൂലം ഉറങ്ങാൻ പറ്റുന്നില്ലെന്നും സ്വൈര ജീവിതത്തിന് തടസമാകുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകിയത്. തുടർന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങൾ കേട്ടറിഞ്ഞ ശേഷം ആർഡിഒ സ്ഥലത്ത് പരിശോധനയും നടത്തി.
വീടിന്റെ മുകൾനിലയിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു.
പ്രശ്നപരിഹാരമായി അനിൽ കുമാറിന്റെ വീടിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാനാണ് അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.