സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ജില്ലാതല ക്യാമ്പ് സമാപിച്ചു
1515475
Wednesday, February 19, 2025 3:10 AM IST
പത്തനംതിട്ട : ചലഞ്ച് ദ് ചലഞ്ചസ്- ഹൃദ്യം 2025 എന്നപേരിൽ നടന്നുവന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്പിസി ) ജില്ലാതല ക്യാമ്പ് സമാപിച്ചു. അടൂർ കടമ്പനാട് കെആർകെപിഎം ബിഎച്ച് എസ്, വിവേകാനന്ദ വിഎച്ച്എസ്എസ് ഫോർ ഗേൾസ് ഹൈസ്കൂളുകളിൽ നടന്നുവന്ന ക്യാന്പാണ് സമാപിച്ചത്.
462 കേഡറ്റുകൾ പങ്കെടുത്ത പാസിംഗ് ഔട്ട് പരേഡിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവുകളും, ക്യാമ്പിലൂടെ ലഭിക്കുന്ന ക്ലാസുകളും വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനും പൊതു സമൂഹത്തിനും ഏറെ ഗുണകരമാകുമെന്ന് സന്ദേശത്തിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
പരേഡ് കമാൻഡർ, സെക്കൻഡ് ഇൻ കമാൻഡർ എന്നിവർ മുഖ്യാതിഥിയിൽ നിന്ന് മെമെന്റോ ഏറ്റുവാങ്ങി. അഡീഷണൽ എസ്പി ആർ. ബിനുവിന്റെ അധ്യക്ഷതയിൽ ക്യാമ്പ് അവലോകന യോഗവും നടന്നു. ദേശീയ ഗാനത്തോടെ ക്യാമ്പ് സമാപിച്ചു.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ചതുർദിനക്യാമ്പിൽ, കുട്ടികളും പൊതു സമൂഹവും നേരിടുന്ന ലഹരിമരുന്നുകൾ ഡിജിറ്റൽ തുടങ്ങിയവ സംബന്ധിച്ച വെല്ലുവിളികൾ, സൈബർ ഭീഷണി, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ, പാരിസ്ഥിതിക തകർച്ച തുടങ്ങിയ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ബോധവത്കരരണ ക്ലാസുകൾ നടന്നു.
കൂടാതെ, യോഗ, കരാട്ടെ, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് എന്നിവ ഉൾപ്പെടുത്തിയുള്ള ഒൗട്ട്ഡോർ ഇനങ്ങളുമുണ്ടായിരുന്നു.