ആറന്മുള വള്ളസദ്യയുടെ ബുക്കിംഗ് ആരംഭിച്ചു
1515471
Wednesday, February 19, 2025 3:10 AM IST
കോഴഞ്ചേരി: ഇക്കൊല്ലത്തെ ആറന്മുള വള്ളസദ്യ ജൂലൈ 13ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിനു സമാപിക്കും. 82 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യയുടെ ബുക്കിംഗ് ആരംഭിച്ചു. ഇപ്പോള്‍ തന്നെ 100 സദ്യകള്‍ ബുക്ക് ചെയ്തുകഴിഞ്ഞതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. ഈ വര്‍ഷം 500 വള്ളസദ്യകള്‍ നടത്താനുള്ള അടിസ്ഥാനസൗകര്യമാണ് പള്ളിയോടസേവാസംഘം ഒരുക്കിയിരിക്കുന്നത്.
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഇദംപ്രഥമമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി നീന്തല്‍ കളരിയും ഒരുക്കും. ഏപ്രില്‍ ആറു മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് വഞ്ചിപ്പാട്ട് പഠന കളരിയും നീന്തല്‍ പരിശീലനവും നടക്കുന്നത്. അഗ്നിശമനസേനയിലെ വിദഗ്ധരാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്.
പള്ളിയോട കരകളെ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശീലനം നടത്തുന്നത്. വഞ്ചിപ്പാട്ട് പഠനകളരി ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് നടക്കുന്നത്.പള്ളിയോട സേവാസംഘത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി പള്ളിയോടക്കരയിലെ ആളുകള്‍ക്കായി നേത്രപരിശോധനാക്യാമ്പും നടത്തുന്നു. പന്തളം കാരുണ്യാ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
വള്ളംകളിക്കും പള്ളിയോടങ്ങള്ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ വിനോദസഞ്ചാരവകുപ്പില്‍ നിന്നും ഒരു കോടി രൂപ ലഭിക്കുന്നതിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം വേഗത്തില്‍ ലഭ്യമാകുന്നതിന് മന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പള്ളിയോടസേവാസംഘ പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ഭാരവാഹികളായ അജയ് ഗോപിനാഥ്, എം.കെ. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.