ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡിൽ അപകട വളവുകൾ
1515469
Wednesday, February 19, 2025 3:10 AM IST
അടൂർ: ഹോളി ക്രോസ് - ആനന്ദപ്പള്ളി റോഡിൽ അപകടവളവുകളിൽ സൂചന ബോർഡുകൾ ഇല്ല. അടൂർ ടൗണിൽ എത്താതെ ഹോളി ക്രോസ് ജംഗ്ഷനിൽ നിന്നും പത്തനംതിട്ട, റാന്നി, തുമ്പമൺ, ഇലവുംതിട്ട കോഴഞ്ചേരി, മല്ലപ്പള്ളി. ആനന്ദപ്പള്ളി വഴി കോന്നി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാവുന്ന എളുപ്പ വഴിയും കൂടിയാണിത്.
തിരികെ നൂറനാട്, കായംകുളം, ചവറ, കരുനാഗപ്പള്ളി, ചാക്കുവള്ളി, കൊട്ടാരക്കര, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കു ഈ വഴി ഉപയോഗിച്ചു വരുന്നു. ഇരുപത്തിയഞ്ചിലധികം സ്കൂൾ ബസുകൾ, ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ലോഡ് വാഹനങ്ങൾ എന്നിവ ഈ റോഡാണ് ഉപയോഗിച്ചു വരുന്നത്.
റോഡിൽ അഞ്ച് അപകടവളവുകളും ശ്രദ്ധ തെറ്റിയാൽ ആഴത്തിലേക്കു വാഹനങ്ങൾ മറിയാവുന്ന രണ്ട് വളവുകളും ഉണ്ട്. ഈ ഭാഗങ്ങളിൽ യാത്രക്കാർ ശ്രദ്ധിക്കാവുന്ന അപകട സൂചന ബോർഡുകളോ, മീററുകളോ സ്ഥാപിച്ചിട്ടില്ല. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും ഭാഗ്യം കൊണ്ടാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നത്.
നല്ലൊരു പങ്ക് വൈദ്യുത പോസ്റ്റുകളും റോഡിൽ അപകടനിലയിലാണ് നിൽക്കുന്നത്. പോസ്റ്റുകൾ റോഡിന്റെ മധ്യഭാഗത്തുനിന്നു മാറ്റി അപകട സൂചന ബോർഡുകൾ സ്ഥാപിച്ച് വൻ അപകടങ്ങൾ ഒഴുവാക്കുന്നതിനു പൊതുമരാമത്ത് വകുപ്പും വൈദ്യുതി ബോർഡും അടിയന്തര പരിഗണന നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.