കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസം ഇന്ന്
1515466
Wednesday, February 19, 2025 3:10 AM IST
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സലയ്ക്കും വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്കുമെതിരേ യുഡിഎഫിന്റെ അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. സിപിഎം നിര്‍ദേശം അവഗണിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. വത്സല തുടരുന്നതില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ഉള്ള അതൃപ്തി മുതലെടുക്കുന്നതിനാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സിപിഎം ധാരണപ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 23ന് കെ.കെ. വത്സല കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. തടിയൂര്‍, ഇടയ്ക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജെസി സൂസന് ജോസഫിനാണ് തുടർന്ന് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്.
ഈ ധാരണ ലംഘിച്ചതാണ് സിപിഎം അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കിയത്. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് - ഏഴ്, എല്‍ഡിഎഫ് - ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പിന്നീട് കോണ്‍ഗ്രസിലെ ഉണ്ണി പ്ലാച്ചേരി സിപിഎമ്മിലെത്തുകയും തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജിജി ജോണ്‍ മാത്യുവിനെ പുറത്താക്കുകയായിരുന്നു. സിപിഎമ്മിലെ ശോശാമ്മ ജോസഫ് പ്രസിഡന്റും ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റുമായി. ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തീകരിച്ച് ശോശാമ്മ ജോസഫ് രാജിവച്ചതിനേ തുടര്‍ന്നാണ് കെ.കെ. വത്സല പ്രസിഡന്റായത്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് രാജിവയ്ക്കാതെ കെ.കെ. വത്സല തുടരുന്നതാണ് അവിശ്വാസപ്രമേയത്തിന് വഴിയൊരുക്കിയതെന്ന് സിപിഎം തന്നെ പറയുന്നു. എല്‍ഡിഎഫ് അംഗങ്ങളിലെ അതൃപ്തി അവിശ്വാസപ്രമേയത്തില്‍ അനുകൂലമാക്കാനുള്ള സമീപനമാണ് കോണ്‍ഗ്രസ് അവസാനനിമിഷവും നടത്തുന്നതെന്നും അറിയുന്നു. മുന്‍പ് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയതന്ത്രമാണ് കോയിപ്രത്തും യുഡിഎഫ് പയറ്റുന്നത്.
ഉണ്ണി പ്ലാച്ചേരിക്ക് കോൺഗ്രസ് വിപ്പ്
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഇന്നു നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ പ്രസിഡന്റ് കെ.കെ. വത്സലയ്ക്കെതിരേ വോട്ട് ചെയ്യാൻ വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്ക് കോൺഗ്രസ് വിപ്പ്. മുന്‍പ് കോൺഗ്രസ് വിപ്പ് ലംഘിച്ച് എൽഡിഎഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റായി ഉണ്ണി പ്ലാച്ചേരിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിൽ വിപ്പ് നൽകിയിട്ടില്ലെന്നതും ശ്രദ്ധേയം.
ഡിസിസി പ്രസിഡന്റ് ഒപ്പിട്ടു നല്കിയ വിപ്പ് പോസ്റ്റല്‍ വഴിയാണ് നല്‍കിയത്.വൈസ് പ്രസിഡന്റിന് വിപ്പ് നല്കാത്തതിനാല് യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരിക്കുന്നത്. മുന്‍പ് കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ച് എൽഡിഎഫിന് അനുകൂലമായ നിലപാടെടുത്ത ഉണ്ണി പ്ലാച്ചേരിക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്.