മദ്യലഹരിയിലെ ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്, ബന്ധു അറസ്റ്റില്‍
1515464
Wednesday, February 19, 2025 2:59 AM IST
പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്; സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ ബിജു വർഗീസാണ് (55) അറസ്റ്റിലായത്. ഇയാളുടെ ബന്ധുകൂടിയായ പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്.
കൂലിപ്പണിക്കാരായ ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളില്‍ പൂര്‍ണമായും വീണു പൊള്ളലേറ്റും കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വീട്ടില്‍ നിന്നും ഒരു കുപ്പി ആസിഡ് കണ്ടെത്തി.
മുമ്പും ബിജുവിന്റെ ഭാഗത്തുനിന്നും ആക്രമണം മകന് നേരിടേണ്ടിവന്നിട്ടുണ്ടെന്നു വര്‍ഗ്ഗീസിന്റെ അമ്മ ആലീസ് വര്‍ഗീസ് പോലീസിനോടു പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി. എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ മാരായ വിഷ്ണു, പി. വിനോദ്, മധു, എഎസ്ഐമാരായ സലിം , ജ്യോതിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.