മാർത്തോമ്മ സഭയിൽ രണ്ട് വികാരി ജനറാൾമാർ കൂടി
1515462
Wednesday, February 19, 2025 2:59 AM IST
തിരുവല്ല: മാർത്ത മ്മ സഭയിൽ രണ്ട് വികാരി ജനറാൾമാരെ കൂടി നിയമിക്കാൻ എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചു. സീനിയർ വൈദികരായ റവ.ഡോ.സാംസൺ എം. ജേക്കബ്, റവ.ദാനിയേൽ തോമസ് എന്നിവരെയാണ് വികാരി ജനറാൾമാരായി നിയമിച്ചിട്ടുള്ളത്. കോട്ടയം മാർത്തോമ്മ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലായി റവ.ഡോ.എം.സി. തോമസിനെയും നിയമിച്ചു.
മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മ പള്ളി വികാരിയായ റവ.ഡോ.സാംസൺ എം. ജേക്കബ് ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന സെക്രട്ടറി കൂടിയാണ്. കേരളത്തിനകത്തും പുറത്തുമായി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം നിരണം - മാരാമൺ ഭദ്രാസന സെക്രട്ടറി, യുവജന സഖ്യം വൈസ് പ്രസിഡന്റ്, സഭാ കൗൺസിൽ മെംബർ, സഭാ താരക മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റജി വർഗീസ് (അധ്യാപിക). മക്കൾ: ഡോ.മെറിൻ മറിയം, ഡോ.ജെറിൻ ജേക്കബ്.
ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മ ഇടവക വികാരിയാണ് റവ.ദാനിയേൽ തോമസ്. വിവിധ മാർത്തോമ്മ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം മാർത്തോമ്മ സഭാ കൗൺസിൽ അംഗമായിരുന്നു.
ഡൽഹി ഭദ്രാസന സെക്രട്ടറി, ചുങ്കത്തറ മാർത്തോമ്മ കോളജ് മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ, മുംബൈ നവജീവൻ സെന്റർ പ്രസിഡന്റ്, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട്, എംടി സെമിനാരി ഗവേണിംഗ് ബോർഡംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: അല്ലി (കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ). മക്കൾ: ഐറിൻ ആനി ദാനിയേൽ, മെറിൻ മേരി ദാനിയേൽ.
വൈദിക സെമിനാരി പ്രിൻസിപ്പലായി നിയമിതനായ റവ.ഡോ.എം.സി. തോമസ് ചുങ്കത്തറ ശാലേം മാർത്തോമ്മ ഇടവകാംഗമാണ്. മാർത്തോമ്മ തിയോളജിക്കൽ സെമിനാരിയിൽ ദീർഘകാലമായി പ്രഫസറാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മാങ്ങാനം ടിഎംഎഎം റിസർച്ച് ആൻഡ് ഓറിയന്റേഷൻ സെന്റർ ഡയറക്ടറായും, വിവിധ വേദപഠന ശാലകളിൽ പഴയ നിയമം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റേച്ചൽ തോമസ്. മക്കൾ: ലിഡിയ തോമസ്, ലിൻ തോമസ്.