കൊട്ടാരക്കര മാർത്തോമ്മാഎപ്പിസ്കോപ്പൽ ജൂബിലി മന്ദിരം വജ്ര ജൂബിലി ആഘോഷം നാളെ മുതൽ
1515461
Wednesday, February 19, 2025 2:54 AM IST
കൊട്ടാരക്കര : ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകി, ആറുപതിറ്റാണ്ട് സ്നേഹത്തിന്റെയും കാരുണ്യ തണലിന്റെയും ആർദ്രതയുടെയും സാക്ഷ്യ കൂടാരമായി പ്രവർത്തിച്ച കൊട്ടാരക്കര മാർത്തോമ്മ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം വജ്രജൂബിലി ആഘോഷങ്ങൾക്കു നാളെ തുടക്കമാകും.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷവും അനുബന്ധ പദ്ധതികളായ മാർ ക്രിസോസ്റ്റം ഹോസ്പീസ് ,ഇസിപി എന്നിവയുടെ രജത ജൂബിലി ആഘോഷവും നാളെ വൈകുന്നേരം അഞ്ചിന് ജൂബിലി മന്ദിരംഓഡിറ്റോറിയത്തിൽ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ.ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, കൊല്ലം ജില്ലാ കളക്ടർ എൻ.ദേവീദാസ്, മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ പ്രതിനിധി ഡോ.പങ്കജ് ചതുർവേദി എന്നിവർ പങ്കെടുക്കുമെന്ന് ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ അറിയിച്ചു.
പുതുതായി ആരംഭിച്ച ഡയാലിസിസ് സെന്റർ, മന്ദിരം പകൽവീട്, കാൻസർ സാന്ത്വന പരിചരണ കേന്ദ്രം തുടങ്ങി ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികളുടെ തണലവുകയാണ് ജൂബിലി മന്ദിരം. സദാനന്ദപുരത്ത് വയോജനങ്ങളായ ദമ്പതികൾക്ക് താമസിക്കാനുള്ള കേന്ദ്രം സനോഹയും ജൂബിലി മന്ദിരത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.