ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന വേദിയിലെ കൈയേറ്റം; സിപിഎമ്മിലെ ചേരിപ്പോര് രൂക്ഷം
1515457
Wednesday, February 19, 2025 2:54 AM IST
പത്തനംതിട്ട: പത്തനംതിട്ട ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന വേദിയില്‍ അവതാരകനെ വേദിയില്‍ മർദിച്ച സംഭവം സിപിഎമ്മിനു തന്നെ തിരിച്ചടിയായി. പാര്‍ട്ടി പ്രതിനിധികളായ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രിയും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരത്തിന്റെ തുടര്‍ച്ചയായി കൈയേറ്റവും തുടര്‍ വിവാദങ്ങളും മാറിയിരിക്കുകയാണ്.
പൂര്‍ണമായി സിപിഎം നിയന്ത്രണത്തിലായിരുന്ന വേദിയില്‍ കോണ്‍ഗ്രസ് അനുഭാവിയായ അവതാരകന് എത്തിയതു തന്നെ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാണ്. നഗരസഭ ചെയര്‍മാന്റെ താത്പര്യപ്രകാരമാണ് അവതാരകനായി ബിനു കെ. സാം വേദിയിലെത്തിയത്. നേരത്തെയും നഗരസഭയുടെ വിവിധ പരിപാടികളില്‍ ഇദ്ദേഹം അവതാരകനായിരുന്നു.
വേദിയില്‍ പ്രസംഗപീഠം അവതാരകന് ഉപയോഗിക്കുകയും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ കാത്തുനില്‍ക്കേണ്ടിവന്നതും മന്ത്രി വീണാ ജോര്‍ജിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതിനു മുമ്പായി വന്ന ചില കമന്റുകളുമാണ് പ്രകോപനമായത്. പത്തനംതിട്ടയില്‍ മന്ത്രി - ചെയര്മാന് പോര് പരസ്യമായ രഹസ്യമാണെന്നിരിക്കേ ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടനം ചെയ്യുന്നത് മന്ത്രിക്കു വിഷമമായിട്ടുണ്ടാകാമെന്ന കമന്റാണ് അവതാരകനെതിരേ തിരിയാന്‍ ഒരുവിഭാഗത്തെ പ്രേരിപ്പിച്ചതെന്ന് പറയുന്നത്.
ശനിയാഴ്ച പത്തനംതിട്ട നഗരചത്വരത്തിന്റെ ഉദ്ഘാടന ചടങ്ങ് സമാപിച്ചതിനു പിന്നാലെയാണ് അവതാരകന് ബിനു കെ. സാമിനെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്തത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നിയന്ത്രണം നഗരസഭയില്‍ നിന്നെടുത്തുമാറ്റി ജില്ലാ പഞ്ചായത്തിനു നല്കിയതു മുതല്‍ മന്ത്രി നഗരസഭ കൗണ്‍സിലിനെതിരേ തുറന്ന യുദ്ധത്തിലാണ്. അബാന്‍ മേല്‍പ്പാലത്തിന്റെ പണികള്‍ വൈകിപ്പിക്കുന്നതും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ വനിതാ വിശ്രമകേന്ദ്രം രണ്ടുവര്‍ഷത്തിലേറെയായി തുറന്നു നല്‍കാത്തതും സ്റ്റേഡിയം പണികളുമായി ബന്ധപ്പെട്ട് നഗരസഭയുടെ നിയന്ത്രണം നഷ്ടമായതുമെല്ലാം ശീത സമരത്തിന്റെ തുടര്‍ച്ചയാണ്.
നഗരത്തിലെ പല പരിപാടികളിലും മന്ത്രിയെ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്. ഇതിനിടെയാണ് നഗരചത്വരം അതിവേഗം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ അബാന്‍ പാലം പൂര്‍ത്തിയാകാതെ കിടക്കുന്നതിനാല്‍ ചത്വരത്തിന് ഉദ്ദേശിച്ചത്ര ഫലമുണ്ടാകില്ല. തന്നെയുമല്ല അബാന്‍ ജംഗ്ഷന് നവീകരണം മേല്‍പ്പാലം നിർമാണത്തോടൊപ്പമുള്ള പദ്ധതിയായിരുന്നു. മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലാകണം ഇനിയുള്ള നിര്മാണമെന്നതീരുമാനം നിലനില്ക്കവേയാണ് പല പദ്ധതികളും സ്വന്തം നിലയില്‍ നടപ്പാക്കി വരുന്നത്.