ജില്ലാ പഞ്ചായത്ത് പദ്ധതിരേഖയുടെ കരടു പോലുമില്ലാതെ അവതരണം
1515453
Wednesday, February 19, 2025 2:54 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 2025 - 26ലേക്കുള്ള വാർഷിക പദ്ധതിയുടെ കരടു രേഖപോലും നൽകാതെ അംഗീകാരം തേടിയതിനെതിരേ പ്രതിപക്ഷം. പദ്ധതി അംഗീകരിക്കാൻ കഴിഞ്ഞദിവസം നടത്തിയ വികസന സെമിനാറിൽ പങ്കെടുത്തവർക്ക് കരടുരേഖ വിതരണം ചെയ്തില്ല.
ഇതുകാരണം പദ്ധതികൾ ചർച്ച ചെയ്യാനോ തുകയിൽ വ്യത്യാസം വരുത്താനോ കഴിഞ്ഞില്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടക്കം നൂറിലേറെ അംഗങ്ങൾ പങ്കെടുക്കേണ്ട സെമിനാറിന് എത്തിയത് പകുതിയോളം പേരാണ്.
കരടുരേഖ പ്രിന്റിംഗിന് കൊടുത്തിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിശദീകരിച്ചു. വികസന സെമിനാറിൽ കരടുരേഖ അംഗങ്ങൾക്ക് വിതരണം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, കരടുരേഖയുടെ ഒരു കോപ്പി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെമിനാറിൽ വായിച്ച് അംഗീകാരം തേടുകയായിരുന്നു. പദ്ധതികൾ എന്തൊക്കെയാണെന്ന് അംഗങ്ങൾക്ക് അറിയാൻ സാധിച്ചില്ല.
പുതിയ സാമ്പത്തിക വർഷത്തേക്ക് കൃഷി, ശുചിത്വം, വിദ്യാഭ്യാസം, കെട്ടിട നിർമാണം, മാലിന്യ സംസ്കരണം, എബിസി തുടങ്ങി 13 മേഖലകൾക്കുള്ള പദ്ധതികൾ ചർച്ച ചെയ്യാതെ അംഗീകരിച്ചു. കഴിഞ്ഞ 15ന് മുൻപ് പദ്ധതിരേഖ സമർപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് രേഖ തയാറാക്കി വായിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുണ്ടായ തുടർച്ചയായ മാറ്റങ്ങൾ കാരണമാണ് വികസന പദ്ധതികൾ ശരിയായ നിലയിൽ ചർച്ച ചെയ്യാതെ അംഗീകരിക്കേണ്ടി വന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു മൂന്ന് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ച ഓമല്ലൂർ ശങ്കരന് പിന്നാലെ രാജി പി.രാജപ്പൻ ഒരു വർഷത്തോളം പദവിയിലിരുന്നു.
എൽഡിഎഫിലെ ധാരണ പ്രകാരം രാജി പി. രാജപ്പൻ രാജിവച്ച ശേഷം രണ്ടാഴ്ചയോളം പ്രസിഡന്റില്ലാതിരുന്നത് പദ്ധതി രേഖ തയാറാക്കുന്നത് വൈകാൻ കാരണമായി. കഴിഞ്ഞ ഏഴിന് ജോർജ് ഏബ്രഹാം പ്രസിഡന്റായ ശേഷം പദ്ധതി രേഖ പെട്ടെന്നു തയാറാക്കുകയായിരുന്നു.
തട്ടിക്കൂട്ട് രേഖ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ഭരണസമിതിക്ക് ഇതു നടപ്പാക്കാനുള്ള താത്പര്യമില്ലെന്ന് പ്രതിപക്ഷാംഗം സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി.