പെരുനാട്ടിൽ യുവാവ് കുത്തേറ്റു മരിച്ചു; എട്ടംഗ സംഘം പോലീസ് പിടിയിൽ
1515236
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ ഞായറാഴ്ച രാത്രി 9. 30 ഓടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ എട്ടു പേരെ പോലീസ് പിടികൂടി. പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജിയാണ് (33) കൊല്ലപ്പെട്ടത്.
രാത്രിയിൽ പെരുനാട്ടിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം രാഷ്ട്രീയാടിസ്ഥാനത്തിലാകുമെന്നു സംശയിച്ചെങ്കിലും അന്വേഷണത്തിൽ അതല്ലെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ ഷാജി സിഐടിയു പ്രവർത്തകനാണ്. സംഘർഷത്തിനിടെ കുത്തേറ്റ ജിതിനെ ഗുരുതര പരിക്കുകളോടെ രാത്രിയിൽ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ലോഡിംഗ് തൊഴിലാളിയായ ഇയാൾ അവിവാഹിതനാണ്.
കുറ്റാരോപിതരായി പിടിയിലായിരിക്കുന്നവരിൽ ഏറെയും ബിഎംഎസ് അനുഭാവികളാണ്. എന്നാൽ സിഐടിയു പ്രവർത്തകരും ഇതിലുള്ളതായി പറയുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് മരിച്ച ജിതിൻ ഷാജിയുടെ അച്ഛനും വ്യക്തമാക്കി.
കൂനങ്കര മഠത്തുംമൂഴി പുത്തൻവീട്ടിൽ പി. എസ്. വിഷ്ണുവാണ് (37) ജിതിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഉൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. പെരുനാട് മഠത്തുംമൂഴി പുത്തൻ പറമ്പിൽ പി. നിഖിലേഷ് കുമാർ (30), കൂനൻകര വേലൻ കോവിൽ സരൺ മോൻ (32), കൂനൻകര കുന്നുംപുറത്ത് എസ്. സുമിത്ത്(39), വയറൻ മരുതി വട്ടപ്പറമ്പിൽ എം.ടി. മനീഷ് (30), കൂനൻകര ആര്യാഭവൻ വീട്ടിൽ ആരോമൽ (24), മഠത്തുംമൂഴി കുന്നുംപുറത്ത് മിഥുൻ മധു (22), കൂനൻകര ആനപ്പാറ മേമുറിയിൽ അഖിൽ സുശീലൻ (30)എന്നിവരാണ് അറസ്റ്റിലായത്.
യുവസംഘങ്ങൾ തമ്മിലുള്ള പോര്, മൂന്നു പേർക്കു പരിക്കേറ്റു
പെരുനാട്ടിലെ ലോഡിംഗ് തൊഴിലാളികളായ യുവസംഘങ്ങളിൽപ്പെട്ടവർ തമ്മിലുണ്ടായ തർക്കവും പോർവിളിയുമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങിയത്.
ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിൽ ഞായറാഴ്ച ഉച്ചമുതൽ പെരുനാട്ടിലെ വിവിധയിടങ്ങളിലായി പോർവിളി നടത്തിയിരുന്നു. ഇരുസംഘങ്ങളിലും പെട്ട നിഖിലേഷ്, അനന്തു എന്നിവർ തമ്മിലാണ് ആദ്യം തർക്കവും അടിയുമുണ്ടായത്.
തുടർന്ന് രാത്രി ഒമ്പതരയോടെ, നിഖിലേഷ്, ശരൺ, സുമിത്ത് എന്നിവരും ഇവർ വിളിച്ചു വരുത്തിയ മനീഷ്, ആരോമൽ, മിഥുൻ, അഖിൽ, വിഷ്ണു എന്നിവരും ചേർന്ന് അനന്തുവിനെ മർദിച്ചതായി പറയുന്നു. ഇവർ അനന്തുവിനെ മർദ്ദിക്കുന്നത് കണ്ടു സുഹൃത്ത് വിഷ്ണു ഇടപെടുകയും പ്രശ്നം സംസാരിച്ചു രമ്യതയിലാക്കുകയും ചെയ്തു. തുടർന്ന് കാറിൽ അവിടെ എത്തിയ വിഷ്ണു അനന്തുവുമായി തർക്കത്തിൽ ഏർപ്പെട്ടു.
പ്രശ്നമറിഞ്ഞു സ്ഥലത്തെത്തിയ ജിതിനെയും ഇവർ മർദിച്ചു. അനന്തു ഓടിമാറിയപ്പോൾ സംഘത്തിൽപെട്ടവർ ചേർന്ന് ജിതിനെ പിടിച്ചുനിർത്തുകയും വിഷ്ണു കാറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജിതിന്റെ വയറിന്റെ വലതുഭാഗത്തും തുടയിലും കുത്തുകയുമായിരുന്നു. ആക്രമണത്തിൽ അനന്തുവിനും മനോജിനും ശരത്തിനുമാണ് പരിക്കേറ്റത്. തുടർന്ന് ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. പെരുനാട് പോലീസ് രാത്രിയിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവശേഷം കാറിൽ രക്ഷപെട്ട സംഘത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു നൂറനാട് ഭാഗത്തു നിന്നും ഉച്ചയോടെ പിടികൂടുകയായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകനെ ബിജെപി അക്രമിസംഘം കുത്തിക്കൊന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. മാമ്പാറ പാട്ടാളത്തറയിൽ ജിതിൻ ഷാജി വർഷങ്ങളായി സിഐടിയു പ്രവർത്തകനും ഇടതുപക്ഷ അനുഭാവിയുമാണ്. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകൻ വിഷ്ണുവാണ് ജിതിനെ ഞായറാഴ്ച രാത്രി പെരുനാട് കൊച്ചുപാലം ജംഗ്ഷനു സമീപം ആക്രമിച്ചത്.
ബിജെപി ഗുണ്ടാസംഘത്തിൽപെട്ട വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മർദിച്ചിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ്, ജിതിന്റെ ബന്ധു അനന്തു എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേല്പിച്ചുവെന്നും രാജു ഏബ്രഹാം പറഞ്ഞു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് ബിജെപി സംഘത്തിൽപെട്ട വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും ആക്രമിച്ചത്. ബിജെപി അക്രമിസംഘം കരുതിക്കൂട്ടി ആയുധങ്ങളുമായി കാറിൽ എത്തുകയായിരുന്നു. അക്രമം ആസൂത്രിതമാണെന്ന് ഇതിലൂടെ ഉറപ്പായി.
സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
പെരുനാട് ശുഭാനന്ദാശ്രമത്തിന് ഉള്ളിൽ അതിക്രമിച്ച് കയറി റോഡ് നിർമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളാണ് ജിതിനെ അക്രമിച്ചതും. സുഹൃത്തുക്കളെ അക്രമിക്കുന്നതറിഞ്ഞ് എത്തിയ ജിതിനെ പ്രതികൾ കരുതിക്കൂട്ടി വകവരുത്തുകയായിരുന്നു. അക്രമത്തിൽ സിപിഐ എം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും രാജു ഏബ്രഹാം പറഞ്ഞു.
സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം: സിഐടിയു
പത്തനംതിട്ട: രാഷ്ട്രീയ സംഘർഷങ്ങൾ ഒന്നും തന്നെയില്ലാത്ത സാഹചര്യത്തിൽ നാട്ടിൽ സമാധാന അന്തരീക്ഷം തർക്കാനും തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണ് ബിഎംഎസിന്റെ ബോധപൂർവമായ ശ്രമമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി വാർത്താക്കുറുപ്പിൽ പറഞ്ഞു. അതിന്റെ ഭാഗമാണ് ജിതിൻ ഷാജിയുടെ കൊലപാതകം. ഒരു പ്രകോപനവും ഇല്ലാതെയാണ് ജിതിൻ എന്ന തൊഴിലാളി പ്രവർത്തകന്റെ അരുംകൊല.
കൊലപാതകികളെ മാത്രമല്ല പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ജിതിന്റെ ദാരുണമായ കൊലപാതകത്തിൽ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സിഐടിയു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
പെരുനാട് കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതിന്റെ കൊലപാതകം ബിജെപി യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഈ കൊലപാതകവുമായി ബിജെപി സംഘ പരിവാർ പ്രവർത്തകർക്ക് യാതൊരു ബന്ധവുമില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്.
കൊലപാതകത്തിനു പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കുള്ള പങ്ക് വ്യക്തമാണ്. പോലീസ് പിടിയിലായ നിഖിലേഷും സുമിത്തും സജീവ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കൊലപാതകവുമായി ബന്ധപ്പെട്ട സിപിഎം പങ്ക് മറച്ചു വയ്ക്കുന്നതിനാണ് ജില്ലാ സെക്രട്ടറി ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതെന്നും സൂരജ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ തന്നെ കൊല ചെയ്തത് ബിജെപി പ്രവർത്തകർ ആണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം യഥാർഥ സിപിഎം പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.