നിരക്കുവർധന അട്ടിമറിച്ച് കരാറുകാരെ വഞ്ചിച്ചെന്ന്
1515234
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: നിർമാണ സാമഗ്രികളുടെ വില വർധനയും കൂലിച്ചെലവും കണക്കിലെടുത്ത് പൊതുമരാമത്ത് കരാറുകാരുമായുള്ള ചർച്ചയിൽ അംഗീകരിച്ച നിരക്ക് വർധന ധനവവകുപ്പ് അട്ടിമറിച്ചതായി ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
സാമഗ്രികളുടെ വിലവർധനയും തൊഴിലാളികളുടെ കൂലിച്ചെലവ്, ഡീസൽ വിലവർധന മുതലായവ കൂടിയതിനാൽ പൊതുമരാമത്തു വുപ്പും കരാറുകാരും ചേർന്നുള്ള യോഗത്തിൽ 2025 ലെ ഡൽഹി നിരക്ക് തരാമെന്ന് സമ്മതിച്ചിരുന്നതാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2021 ലെ ഡൽഹി നിരക്ക് ഇപ്പോഴത്തെ നിരക്കിൽ നിന്നും 30 ശതമാനം വരെ കുറവുണ്ടെന്നും വിപണി യിലെ മാറ്റം അനുസരിച്ച് നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന വിലവ്യതിയാന വ്യവസ്ഥ നിലവിൽ വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എല്ലാ വർഷവും നിരക്ക് വർധിപ്പിക്കണമെന്നാണ് മാനുവലിലെ വ്യവസ്ഥ. ഡൽഹി നിരക്ക് എല്ലാവർഷവും പരിഷ്കരിക്കുമ്പോഴും കേരളം അതിനു തയാറല്ല. രാജ്യത്താകമാനം ഡൽഹി നിരക്കാണ് ആനുപാതികമായി എടുത്തിരിക്കുന്നത്. 2018ലെ നിരക്കാണ് ഇപ്പോഴും കേരളത്തിൽ നൽകുന്നത്. ഇതു പരിഷ്കരിക്കുന്നതിനു നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് 2021ലെ നിരക്ക് മതിയെന്ന നിലയിലേക്ക് ധനവകുപ്പ് എത്തിയിരിക്കുന്നത്.
കരാർ മേഖല മൊത്തത്തിൽ സ്തംഭനാവസ്ഥയിലാണ്. ജോലികൾ ഏറ്റെടുക്കാൻ ചെറുകിട കരാറുകാർക്ക് കഴിയുന്നില്ല. ചെയ്ത ജോലികളുടെ പണം ലഭ്യമാകുന്നില്ല. ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ 4500 കോടി രൂപയുടെ കുടിശിക കരാറുകാർക്കുണ്ട്. റോഡ്, കെട്ടിട നിർമാണം മേഖലയിലും ചെയ്ത ജോലികളുടെ പണം ലഭിക്കാനുണ്ട്.
നിലവിലെ ജോലികൾ വൻകിട കന്പനികൾക്കു നൽകാനാണ് സർക്കാരും താത്പര്യപ്പെടുന്നത്. ഇതോടെ ചെറുകിട കരാറുകാർ ഈ മേഖല തന്നെ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി തോമസ്കുട്ടി തേവരുമുറിയിൽ, ജില്ലാ സെക്രട്ടറി അജികുമാർ വള്ളിക്കോട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.