റാന്നി ബിആർസിയിൽ എസ്ആർജി ശില്പശാല
1515230
Tuesday, February 18, 2025 1:57 AM IST
റാന്നി: പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഉണ്ടായ അക്കാദമിക മികവുകളെ പൊതുസമൂഹത്തിനു മുന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കാനായി വിദ്യാലയങ്ങളിൽ നടത്തുന്ന പഠനോത്സവങ്ങൾക്ക് മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ ഉപജില്ലാ തല സംഗമം നടത്തി. റാന്നി ബിആർസി ഹാളിൽ നടന്ന ശില്പശാല ബിപിസി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി അധ്യക്ഷത വഹിച്ചു.
ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ എൻ.എസ്. അനിത, എസ്. ദീപ്തി, സ്പെഷൽ എഡ്യുക്കേറ്റർ ഹിമമോൾ സേവ്യർ എന്നിവർ പ്രസംഗിച്ചു. നിരന്തര വിലയിരുത്തലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, ഓരോ കുട്ടിയുടേയും പഠന മികവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, രക്ഷിതാക്കളെയും ജനപ്രതിനിധികളെയും വിദ്യാലയങ്ങളുമായി കണ്ണി ചേർക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ബ്ലോക്ക്തല പഠനോത്സവം പുതുശേരിമല ഗവ. യുപി സ്കൂളിൽ നടത്തും.