ഓട്ടത്തിനിടെ ബസിനടിയിൽ തീ, നാട്ടുകാരുടെ ഇടപെടലിൽ അപകടം ഒഴിവായി
1515226
Tuesday, February 18, 2025 1:57 AM IST
അത്തിക്കയം: നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി. കോഴഞ്ചേരിയിൽ നിന്ന് കുടമുരട്ടിയിലേക്കു പോകുകയായിരുന്ന ബസിന്റെ പിൻഭാഗത്തു നിന്ന് പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കാണുന്നത്.
അറയ്ക്കമൺ ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന്റെ മുൻവശത്ത് ആളെ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ പുറത്തു നിന്നവർ ഒച്ചവച്ച് ബസ് നിർത്തിച്ച് യാത്രക്കാരെ പുറത്തിറക്കി. ഓടിക്കൂടിയവർ അടുത്തുള്ള കടകളിൽ നിന്ന് വെള്ളം എടുത്ത് ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. പിന്നിലെ ഒരു ടയർ പൂർണമായി കത്തിനശിച്ചു.