വയോധികയുടെ തലയില്‍ തുണിയിട്ടു മൂടിയശേഷം മാല കവര്‍ന്ന സ്ത്രീ പിടിയില്‍
1514974
Monday, February 17, 2025 3:43 AM IST
പത്തനംതിട്ട: ചന്ദനപ്പള്ളിയില്‍ വയോധികയുടെ തലയില്‍ തുണിയിട്ട് മൂടിയ ശേഷം മാല കവര്‍ന്ന സ്ത്രീയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഇന്നലെ രാവിലെ 7.30നാണ് ചന്ദനപ്പള്ളി പെരുമല വീട്ടില്‍ മുന്‍ അധ്യാപിക മറിയാമ്മ സേവ്യറിന്റെ (84) മൂന്നര പവന് വരുന്ന മാല മോഷ്ടിച്ചത്. ഇടത്തിട്ട ഐക്കരേത്ത് മലയുടെ ചരിവില്‍ ഉഷ (37)യാണ് വിദഗ്ധമായ ആസൂത്രണത്തിലൂടെ മാല കവര്‍ന്നത്.
വീടിന്റെ അടുക്കള ഭാഗത്ത് എത്തിയശേഷം പരിചിത ഭാവത്തില്‍ വയോധികയെ വിളിക്കുകയും പുറത്തേക്ക് ഇറങ്ങി വന്നപ്പോള്‍ തലയില്‍ തുണിയിട്ട് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഇതിനിടെ മറിയാമ്മയെ കഴുത്തിന് അമര്‍ത്തി തള്ളി താഴെയിടുകയും ചെയ്തു. പ്രായാധിക്യം കാരണം ഇവര്‍ക്ക് കാഴ്ചയ്ക്ക് തകരാറുണ്ട്. ഭര്‍ത്താവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മോഷണം അദ്ദേഹം അറിഞ്ഞതുമില്ല.
പൊട്ടിച്ചെടുത്ത മാലയുമായി ഉഷ ഉടനെ രക്ഷപ്പെട്ടു. മറിയാമ്മയുടെ കരച്ചിലും ബഹളവും കേട്ടാണ് ആളുകള്‍ വിവരം അറിയുന്നത്. മോഷ്ടാവ് മറിയാമ്മയുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് സമീപവാസിയായ ബന്ധു കണ്ടിരുന്നു. ഇതാണ് ഉഷയെ സംശയിക്കാന്‍ കാരണമായത്. ഉടനെ കൊടുമണ്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വ്യാപകമാക്കിയ അന്വേഷണത്തില്‍ പോലീസ് സംഘം ഉഷയുടെ വീട്ടിലെത്തി മാല കണ്ടെടുത്തു.
ഉഷ നേരത്തേ മറിയാമ്മയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഇതുകാരണം വീടിനെ സംബന്ധിച്ചും മറ്റും വ്യക്തമായ ധാരണയുണ്ടായിരുന്നത് മോഷണത്തിനു സഹായകരമായി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.