പിആര്‍ഡിഎസ് ജന്മദിന മഹോത്സവം നാളെ മുതല്‍
1513168
Wednesday, February 12, 2025 3:03 AM IST
പത്തനംതിട്ട: പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആര്‍ഡിഎസ്) സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 147-മത് ജന്മദിനാഘോഷ പരിപാടികള്‍ നാളെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് സഭാ പ്രസിഡന്റ് വൈ.സദാശിവന് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് അടിമ സ്മാരക സ്തംഭത്തില്‍ പുഷ്പാര്‍ച്ചന. ഉച്ചകഴിഞ്ഞ് മൂന്നിന് എട്ടുകര സംഗമം. രാത്രി 11 ന് മഹാരാജാസ് മ്യൂസിക് കോളജ് അധ്യാപിക പ്രഫ. ശ്രീരഞ്ജിനി കോടമ്പള്ളി അവതരിപ്പി ക്കുന്ന സംഗീത കച്ചേരി.
14നു രാത്രി 7.30ന് യുവജനസംഘം പ്രതിനിധി സമ്മേളനം എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും.
15 നു രാത്രി 7.30 ന് മതസമ്മേളനം. 16നു രാവിലെ 11 ന് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ് ഫോറം സമ്മേളനം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് നെല്ലാട് ജംഗ്ഷനില്‍ നിന്നും ഭക്തിഘോഷയാത്ര ആരംഭിക്കും. രാത്രി ഏഴിന് വിശുദ്ധമണ്ഡപത്തില് ഘോഷയാത്ര സ്വീകാര്യ പ്രാര്‍ഥന. എട്ടിന് സഭാപ്രസിഡന്റ് വൈ.സദാശിവന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഡി.രവികുമാര്‍ എംപി (ചെന്നൈ)എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17 ന് രാവിലെ 5.30 ന് ജന്മംതൊഴല്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജന്മദിനസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യപ്രഭാഷണംനടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. രാത്രി 7.30ന് വിദ്യാര്‍ഥി, യുവജന, മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. നിയമസഭ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
സമാപനദിവസമായ 19 ന് ഹൈകൗണ്‍സില്‍ ഗുരുകുലസമിതി സംയുക്തയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് കൊടിയിറങ്ങും.പ്രസിഡന്റ് വൈ. സദാശിവന്, ജനറല്‍ സെക്രട്ടറിമാരായ കെ.ഡി. സീതകുമാർ, ടി.കെ. അനീഷ്, ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരന്‍, മീഡിയാ കണ്‍വീനര്‍ സുരേഷ് മോഹൻ, എം. ഭാസകരന്, ശാലുദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.