വീട് ആക്രമണക്കേസിൽ ഒരാൾ പിടിയിൽ
1513167
Wednesday, February 12, 2025 3:03 AM IST
പത്തനംതിട്ട: വള്ളിക്കോട്ട് വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്താണ് (27) പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വള്ളിക്കോട് യുപി സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജുവിന്റെ വീടിനു മുൻവശം ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പറയുന്നു.
വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകൻ ഗൗതം എന്നിവരെയും കൈയേറ്റം ചെയ്തു.
വീടിനും പരിസരങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൊഴിയിൽ പറയുന്നു. എസ്ഐ കെ.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഭിജിത്തിനെ പിടികൂടിയത്. ചന്ദനപ്പള്ളി സ്വദേശിയായ ഒന്നാം പ്രതി വിമൽ ഒളിവിലാണ്.