വീടുകയറി അതിക്രമം: രണ്ട് പ്രതികൾ അറസ്റ്റിൽ
1512954
Tuesday, February 11, 2025 3:16 AM IST
പത്തനംതിട്ട : പച്ചമണ്ണ് കടത്തിനെ സംബന്ധിച്ചു പോലീസിനെ വിവരമറിയിച്ചതിന്റെ പേരിൽ വീടുകയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി ളാക്കൂർ മണിമല കിഴക്കേതിൽ ജോബിൻ കുഞ്ഞുമോൻ (36), വള്ളിക്കോട് വാഴമുട്ടം കിഴക്ക് വിളയിൽ ഷാജി ജോസഫ്(44) എന്നിവരാണ് പിടിയിലായത്.
വാഴമുട്ടം പന്തലാടി മണക്കൂപ്പ കുറ്റിച്ചിറ ഷാന്റോ വില്ലയിൽ സ്റ്റെഫി സാബുവിന്റെ ഭാര്യയാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്.
പച്ചമണ്ണ് അനധികൃതമായി നടത്തുന്നത് സംബന്ധിച്ച് പോലീസിൽ അറിയിച്ചതിലെ വിരോധം കാരണം, വെള്ളിയാഴ്ച വൈകുന്നേരം വീടിന്റെ പറമ്പിൽ അതിക്രമിച്ചുകയറി, പരാതിക്കാരിയുടെ പിതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. അക്രമികളെ തടയാൻ മുതിർന്ന ഇവരുടെ സഹോദരനായ പതിനേഴുകാരനെ ജോബിൻ ഉപദ്രവിച്ചു.
പരാതിയേ തുടർന്ന് പത്തനംതിട്ട എസ് ഐ ബിനോജ് കേസ് രജിസ്റ്റർ ചെയ്തു. വാഴമുട്ടത്തുനിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തു.