പത്തുവയസുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു പതിനഞ്ചുകാരൻ ഉൾപ്പെടെ പിടിയിൽ
1513159
Wednesday, February 12, 2025 2:59 AM IST
അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. ഇതിലൊരാൾ പതിനഞ്ചുകാരനാണ്. കേസിൽ കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ വീട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി.
ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. ചേന്നംപുത്തൂർ കോളനിക്ക് സമീപം വച്ചായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാൾ കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ മുറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി.
നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരൻ പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ജുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, തെളിവുകൾ ശേഖരിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം, പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തുകയും സുധീഷ് രമേഷിനെ ചേന്നംപുത്തൂർ കോളനിയിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂട്ടബലാൽസംഗകേസ് ആയതിനാൽ അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല.
പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ ഫോണിൽ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പോലീസ് കൈകൊണ്ടു.കൗമാരക്കാരനെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.