ശ്രുതിമധുര ഗാനങ്ങളുമായി മാരാമൺ ഗായകസംഘം
1513150
Wednesday, February 12, 2025 2:41 AM IST
സതീഷ് കുമാർ
മാരാമൺ: മാരാമണ്‍ കണ്വന്ഷന് നഗറില്‍ തിരുവചനം കേൾക്കാനെത്തുന്നവരുടെ മനസില്‍ സംഗീതത്തിന്റെ തേന്‍ മഴയാണ് ഗായകസംഘം പൊഴിക്കുന്നത്. മാര്‍ത്തോമ്മ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സേക്രട്ടഡ് മ്യൂസിക് ആന്റ് കമ്യൂണിക്കേഷന്‍സിന്റെ (ഡിഎസ്എംസി) ചുമതലയിലാണ് ഗായകസംഘം പ്രവർത്തിക്കുന്നത്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ റവ. ഉമ്മന്‍ കെ. ജേക്കബാണ് ഡിഎസ്എംസിയുടെ ഡയറക്ടര്‍. 50 പുരുഷന്മാരും 51 സ്ത്രീകളുമടങ്ങിയ 101 അംഗ സംഘമാണ് കണ്വന്ഷന് പന്തലില്‍ ഗാന ശുശ്രൂഷ നിർവഹിക്കുന്നത്. വ്യത്യസ്ത പ്രായക്കാരും വൈദികരും സംഘത്തിലുണ്ട്.
1969 മുതലാണ് മാരാമണ്‍ കണ്‍വന്‍ഷനില്‍ കൂട്ടായ ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയത്. അതിനുമുമ്പ് നിശ്ചയിച്ചവര്‍ മാത്രമായിരുന്നു പാട്ടുകള്‍ പാടിയിരുന്നത്. മാര്‍ത്തോമ്മ സഭയുടെ എല്ലാ ഇടവകകളിലെയും ഗായകസംഘത്തിൽ നിന്നും ശബ്ദ പരിശോധന നടത്തിയാണ് മാരാമൺ ഗായകസംഘത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത്.
ഇത്തവണത്തെ ഗായകസംഘത്തിന്റെ രൂപീകരണത്തിനായുള്ള ശബ്ദപരിശോധന 2024 ഒക്ടോബര്‍ രണ്ടിനാണ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകി. കൺവൻഷനുവേണ്ടി തയാറാക്കുന്ന 101 പാട്ടുകളടങ്ങിയ പുസ്തകത്തിൽ നിന്നാണ് പ്രധാന യോഗങ്ങൾക്കു മുന്നോടിയായി അരമണിക്കൂറോളം ദൈർഘ്യമുള്ള ഗാനശുശ്രൂഷ.
കർണാട്ടിക് -വെസ്റ്റേണ്‍ സംഗീതങ്ങള്‍ പഠിച്ചവരും അടിസ്ഥാനപരമായി സംഗീതം പഠിക്കാത്തവരും ഗായക സംഘത്തിലുണ്ട്. കഴിഞ്ഞ ജൂലൈ 31 ന് കണ്വന്ഷന് നഗറില്‍ പാടാനുള്ള ഗീതങ്ങള്ക്കുവേണ്ടി നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. 600 പാട്ടുകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 16 പാട്ടുകളാണ് പുതു ഗീതങ്ങളായി കണ്‍വന്‍ഷനില്‍ പാടാന്‍ തിരഞ്ഞെടുത്തത്. ഒരു പ്രത്യേക പാനലാണ് പാട്ടുകള്‍ സെലക്ട് ചെയ്തത്.
കണ്വന്ഷന് നഗറില്‍ പാടുന്ന പാട്ടുകളുടെ സിഡിയും പാട്ടു പുസ്തകവും മണപ്പുറത്ത് ലഭ്യമാണ്. കർണാടക സംഗീതത്തില്‍ മികച്ച ജഞാനമുള്ള ഡിഎസ്എംസി ഡയറക്ടര്‍ റവ. ഉമ്മന്‍ കെ. ജേക്കബ് ക്രിസ്ത്യൻ കർണാട്ടിക് മ്യൂസിക് അവതരിപ്പിക്കുന്നു. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയാണ് ഡിഎസ്എംസി പ്രസിഡന്റ്.
മാരാമണ്ണിൽ ഇന്ന്
രാവിലെ 7.30ന് - ബൈബിൾ ക്ലാസ്.
9.30ന് എക്യുമെനിക്കൽ യോഗം. അധ്യക്ഷൻ: ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. മുഖ്യസന്ദേശം: ഡോ.ജെറി ജെ. പിള്ളൈ
ഉച്ചകഴിഞ്ഞ് 2.30ന് ലഹരി വിമോചന സമ്മേളനം. അധ്യക്ഷൻ: ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മുഖ്യസന്ദേശം: മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
വൈകുന്നേരം 6.30ന് - സാമൂഹിക തിന്മകൾക്കെതിരേയുള്ളയോഗം അധ്യക്ഷൻ: ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. മുഖ്യസന്ദേശം: ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.