തിരുവചനാനുഭവം സാക്ഷ്യത്തിന്റെ ലേപനം: മാർ സെറാഫിം
1512947
Tuesday, February 11, 2025 3:16 AM IST
മാരാമൺ: മുറിവേറ്റ ലോകത്തിന് സാക്ഷ്യത്തിന്റെ ലേപനമാണ് തിരുവചനാനുഭവമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധ്യക്ഷൻ ഡോ.മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖവും ആത്മീകമായ സഖിത്വവും ക്രിസ്തുവിനോടൊപ്പം നമുക്കും സാധ്യമാകണം.
ബന്ധങ്ങൾ അറ്റുപോകുന്ന ലോകത്തിൽ, മരണകരമായ സംസ്കാരങ്ങൾ ഉടലെടുക്കുന്ന കാലത്തിൽ ജീവന്റെ തുടിപ്പുകൾ പരിരക്ഷിക്കുവാൻ ഇടയാകണമെന്നും എപ്പിസ്കോപ്പ ഉദ്ബോധിപ്പിച്ചു. നമ്മിലെ വിശ്വാസത്തിന്റെ പരിശോധനകൾ, അതിനോട് നാം പുലർത്തുന്ന നിലപാടുകൾ അത് മറ്റുള്ളവരെ സ്വാധീനിക്കുന്നുവെന്ന് നാം ബോധ്യമുള്ളവരാകണമെന്ന് അദ്ദേഹം പറഞ്ഞു.
കുന്നംകുളം - മലബാർ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാപ്പ അധ്യക്ഷത വഹിച്ചു.
ഇന്നലെ രാവിലെ നടന്ന ബൈബിൾ ക്ലാസിന് ഡോ.ജെറി ജെ. പിള്ളൈ നേതൃത്വം നൽകി. ഉച്ചകഴിഞ്ഞ് കുടുംബവേദി യോഗത്തിൽ റീനാ ജോണും വൈകുന്നേരത്തെ യോഗത്തിൽ ഡോ.ജോസഫ് മാർ ഈവാനിയോസ് എപ്പിസ്കോപ്പയും പ്രസംഗിച്ചു.
മാരാമണ്ണിൽ ഇന്ന്
രാവിലെ 7.30ന് - ബൈബിൾ ക്ലാസ്. 9.30ന് പൊതുയോഗം - അധ്യക്ഷൻ: ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ. പ്രസംഗം - ഡോ.രാജ്കുമാർ രാംചന്ദ്രൻ. അധ്യക്ഷൻ: ഡോ.ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ.
ഉച്ചകഴിഞ്ഞ് 2.30ന് - കുടുംബവേദി. അധ്യക്ഷൻ: ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. പ്രസംഗം: ഡോ.സിജിയ ബിനു. വൈകുന്നേരം ആറിന് - പൊതുയോഗം അധ്യക്ഷൻ - ഡോ.സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ. പ്രസംഗം: ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ.