ദൈവഹിതം നിറവേറ്റുന്നതിലൂടെ യഥാര്‍ഥ ശുശ്രൂഷകരാകാം: ഡോ.രാജ്കുമാര്
1513148
Wednesday, February 12, 2025 2:41 AM IST
മാരാമൺ: ദൈവഹിതം നിറവേറ്റുന്നതിലൂടെ മാത്രമാണ് യഥാര്‍ഥ ശുശ്രൂഷ ലോകത്തില്‍ നിര്‍വഹിക്കപ്പെടുന്നതെന്ന് ഡോ. രാജ്കുമാര് രാംചന്ദ്രൻ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം എല്ലാവരും ശുശ്രൂഷകരായിത്തീരാന്‍ ദൈവം ആഗ്രഹിക്കുന്നു. ദൈവഹിതം ചെയ്യുന്നവനാണ് ശുശ്രൂഷക്കാരന്. ദൈവത്തിന്റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നതിലൂടെ ദൈവഹിതം നിറവേറ്റപ്പെടുന്നത്. തിരുവചന പ്രകാരം ജീവിക്കുന്നതാണ് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണമെന്ന് ഡോ.രാജ്കുമാര് പറഞ്ഞു.
ദൈവസ്നേഹത്തോടുള്ള നമ്മുടെ പ്രതികരണം ദൈവഹിതം അനുസരിക്കുകയെന്നതാണ്. ദൈവത്തെ അറിയുകയും അനുസരിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവത്തെ കൂടുതല്‍ അറിയും. നിന്റെ ജീവിതം എന്നിലൂടെ നിവര്‍ത്തിപ്പാന്‍ ദൈവമേ നീ എന്നിലേക്ക് വരേണമേ എന്നതാകണം വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ഥനയെന്നും ഡോ.രാജ് കുമാര്‍ പറഞ്ഞു.
വചനത്തെ അനുസരിക്കുമ്പോള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ അതിനെ അതിജീവിക്കാന്‍ ദൈവിക വാഗ്ദത്തം നമുക്ക് ലഭിച്ചിട്ടുണ്ട്. വചനം അനുസരിക്കുമ്പോള്‍ ന മുക്ക് ദൈവിക സന്തോഷവും സമാധാനവും ലഭിക്കും. ദൈവത്തിനുവേണ്ടി നാം ജീവിക്കുമ്പോള്‍ ദൈവം നമ്മുടെ ഉള്ളില്‍ വസിക്കും. ക്രിസ്തുവിന്റെ കുരിശിലൂടെ നമുക്ക് സമാധാനം അനുഭവിക്കാനാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റവ.ഡോ.വി.എം. മാത്യു പരിഭാഷ നിർവഹിച്ചു.
ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. ഐസക്ക് മാര്‍ പീലക്സിനോസ്്, തോമസ് മാര്‍ തിമോത്തിയാസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ജോസഫ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പാ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ പ്രസ്താവന നടത്തി
ഇന്നലെ ഉച്ചകഴിഞ്ഞ് കുടുംബവേദി യോഗത്തിൽ ഡോ.സിജിയ ബിനു പ്രസംഗിച്ചു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. വൈകുന്നേരം ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ മുഖ്യസന്ദേശം നല്കി. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ പ്രസംഗിച്ചു.