കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
1513153
Wednesday, February 12, 2025 2:41 AM IST
കോഴഞ്ചേരി: സ്വന്തം വീട്ടിലെ കിണറ്റിലെ വെളളത്തിന്റെ അളവ് നോക്കുന്നതിനിടെ വയോധിക കാൽ വഴുതി മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ വീണ വീട്ടമ്മയെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തെക്കേമല ട്രയഫന്റ് ജംഗ്ഷനു സമീപം താമസിക്കുന്ന ഗൗരി (92)യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ചൂട് കനത്തത് മൂലം ജലക്ഷാമമുളള ഈ പ്രദേശത്ത് കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു. സ്വന്തം കിണറ്റിലെ വെളളത്തിന്റെ നിലവാരം നോക്കുവാനായി കസേരയിട്ട് കെട്ടിന് മുകളിലൂടെ കിണറ്റിലേക്ക് നോക്കുമ്പോൾ കാൽ തെറ്റി മുപ്പതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിന്ന അയൽവാസി ഉടൻ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു.
ആറന്മുള പോലീസും സ്ഥലത്തെത്തി. നാട്ടുകാർ കിണറ്റിലിറങ്ങി വയോധികയെ കസേരയിൽ ഇരുത്തി. ഇതിന് ശേഷം വടം എത്തിച്ച് കസേരയിൽ കെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.