മുനിസിപ്പൽ ബസ് സ്റ്റാൻഡ് വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി
1512960
Tuesday, February 11, 2025 3:26 AM IST
പത്തനംതിട്ട: പത്തനംതിട്ട അബാൻ മേൽപാല നിർമാണ അനാസ്ഥയ്ക്കു പരിഹാരം കാണുക, വ്യാപാരികളെയും പൊതുജനങ്ങളെയും രോഗികളാക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കാണുക, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി.
2021 ലാണ് അബാൻ മേൽപാല പദ്ധതി പ്രഖ്യാപിച്ചത്. 46.80 കോടി രൂപ ചെലവിലാണു പാലം നിർമിക്കുന്നത്. 2022 മാർച്ചിൽ 18 മാസമെന്ന കാലാവധിയിൽ പൂർത്തീകരണമെന്ന വ്യവസ്ഥയിലാണ് മേൽപ്പാലത്തിന്റെ നിർമാണച്ചുമതല കരാറുകാരനു കൈമാറിയത്. എന്നാൽ പലവിധ കാരണങ്ങളാൻ പണികൾ ഇഴഞ്ഞു നീങ്ങുകയാണ് മേൽപാലത്തോടനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ നിർമാണവും ആയിട്ടില്ല.
പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് തുടങ്ങി മുത്തൂറ്റ് ആശുപത്രിക്ക് സമീപം അവസാനിക്കുന്ന മേൽപാലം നിർമാണം കാരണം അബാൻ - എസ്പി ഓഫീസ് റോഡിൽ ഗതാഗതവും താറുമാറായി കിടക്കുകയാണ്. ഈ ഭാഗത്ത് കടകളിൽ കച്ചവടം കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു. സെക്യുരിറ്റി തുകയും വാടകയും കൊടുത്ത് പ്രവർത്തിക്കുന്ന കടകൾ പ്രതിസന്ധിയിലായി.
ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വ്യാപാരികൾ പ്രകടനം ആരംഭിച്ച് അബാൻ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്നയോഗം കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഷാജി സുറൂർ അധ്യക്ഷത വഹിച്ചു. ടി.ടി. അഹമ്മദ്, അബ്ദുൽ റഹീം മാക്കാർ, എം. എച്ച്. ഷാജി,നിയാസ്കൊന്നമൂട്, അബ്ദൂൾ ഷുക്കൂർ, സന്തോഷ്ശിവശ്രീ, അബു നവാസ്,ഡോ. ഇന്ദു , ജിഷ എന്നിവർ പ്രസംഗിച്ചു.