പ്രകാശത്തിൽ ജീവിക്കേണ്ട സമൂഹത്തെ ഇരുട്ടിലേക്ക് തള്ളിവിടരുത്: കാതോലിക്കാ ബാവ
1513161
Wednesday, February 12, 2025 2:59 AM IST
പത്തനംതിട്ട: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ അപകടകരമാംവിധം വർധിച്ചുവരുന്നതിൽ നാട് ഒന്നാകെ ആശങ്കപ്പെടുന്പോഴും പുതിയ മദ്യശാലകൾ അനുവദിക്കാനുള്ള നീക്കം ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിനു തുല്യമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
108 -ാമത് മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിൽ മൂന്നു നോന്പിലെ നടുനോന്പ് ദിനമായ ഇന്നലെ രാവിലെ നടന്ന സുവിശേഷ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ബ്രൂവറികൂടി അനുവദിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
ഈ സമൂഹത്തെ മദ്യമൊഴുക്കി നശിപ്പിക്കരുത്. ഈശ്വര സന്നിധിയിൽ പ്രകാശത്തോടെ ജീവിക്കേണ്ട സമൂഹത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. മനുഷ്യൻ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിനോ, മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കണം. നാട് മനുഷ്യനുള്ളതാണ്.
അവർക്ക് അവിടെ സംരക്ഷണം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാർ നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവ പറഞ്ഞു. ആന ചവിട്ടി കൊല്ലുന്ന മനുഷ്യന് 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതുകൊണ്ട് കാര്യമില്ല. നഷ്ടപരിഹാരമല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മീയതയുള്ള മനുഷ്യനുമാത്രമേ സഹോദരതുല്യം സ്നേഹിക്കാനും കരുതാനുമാകൂ. മനുഷ്യനെ മനുഷ്യനായി കാണാനും മൃഗത്തെയും മൃഗതുല്യമായ പ്രവർത്തനങ്ങളെയും ചെറുക്കുവാനും സഹോദരതുല്യമായ സ്നേഹത്തിനുമാത്രമേ കഴിയൂ.
അന്ധകാരം നിറഞ്ഞ ലോകത്തിന് വെളിച്ചം പകരുവാൻ വിശ്വാസികൾക്ക് കഴിയണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മനുഷ്യനിലെ മനുഷ്യത്വത്തെ നഷ്ടപ്പെടുത്തി. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ആത്മീയതയുടെ പ്രസക്തി ഇവിടെ വർധിക്കുകയാണെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറഫിം മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ഇടുക്കി ഭദ്രാസനാധിപൻ ഡോ.സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത വചന ശുശ്രുഷ നിർവഹിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനത്തിൽ ഫാ. ജോജി കെ. ജോയിയും വൈകുന്നേരം അഖില മലങ്കര വൈദികസംഘം സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജും വചന ശുശ്രുഷ നിർവഹിച്ചു.
ഫാ. ബിജു മാത്യു, ഫാ. ലിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് . ജോൺ പോൾ കോർ എപ്പിസ്കോപ്പ ചെങ്ങന്നൂർ ധ്യാനം നയിക്കും. 11ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും.
ഉച്ചകഴിഞ്ഞ് സുവിശേഷയോഗം ഐനാംസ് സംയുക്ത സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ അധ്യക്ഷതയിൽ അഖില മലങ്കര പ്രാർഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. മുൻ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ മുഖ്യ സന്ദേശം നൽകും. വൈകുന്നേരം കുടുംബസംഗമത്തിൽ ഡോ. അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തും.