വള്ളിക്കോട്ട് വീടിനു നേരേ സാമൂഹ്യവിരുദ്ധ ആക്രമണം; കുടുംബാംഗങ്ങളെ മര്‍ദിച്ചു
1512668
Monday, February 10, 2025 3:28 AM IST
സംഭവത്തിനു പിന്നില്‍ മദ്യ-മയക്കുമരുന്ന് ലോബി
പത്തനംതിട്ട: വള്ളിക്കോട് വാലുപറമ്പില്‍ ജംഗ്ഷന് സമീപമുള്ള കൃഷ്ണ കൃപയില്‍ ബിജുവിന്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധ അക്രമം. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബഹളം കേട്ട് പുറത്തിറങ്ങിയ ബിജുവിനെയും ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനാലകളും മുറ്റത്തെ ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു.
പോര്‍ച്ചില്‍ കിടന്ന കാറും ചെടിച്ചട്ടി കൊണ്ട് എറിഞ്ഞു തകര്‍ത്തു. വീടിനോടു ചേര്‍ന്ന പുരയിടത്തിലെ പച്ചക്കറി കൃഷിയും നശിപ്പിച്ചു.
ചെടിച്ചട്ടിയും ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . അര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനേതുടര്ന്ന് അവര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സമീപത്തു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറയും നശിപ്പിക്കുകയുണ്ടായി. കണ്ടാല്‍ അറിയാവുന്ന രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ഇവര്‍ ചന്ദനപ്പള്ളി സ്വദേശികളാണ്. ഇവര്‍ മദ്യ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ബിജുവിന്റെവീടിന് സമീപത്ത് ചെറിയ നടവഴിയിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും സ്ഥിരമായി തമ്പടിക്കുന്ന സംഘത്തിലെ യുവാക്കളാണ് ആക്രമണം നടത്തിയത്.
സ്ഥിരമായി ഇവിടങ്ങളില്‍ ഇരുന്നു മദ്യപിച്ച് പ്രദേശത്ത് ബഹളങ്ങളും തെറി വിളികളും പതിവാണ്. ഈ സംഘത്തിന്റെ ഭീഷണി കാരണം പരിസരവാസികളും ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ രാത്രി മദ്യപിച്ച് വീടിന് സമീപത്തു ബഹളമുണ്ടാക്കിയത് ബിജു ചോദ്യം ചെയ്യുകയും ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.വള്ളിക്കോട്: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വില്പന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന്റെയും എക്സൈസിന്റെയും റെയ്ഡ് പ്രദേശത്ത് ശക്തമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍ പറഞ്ഞു.
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി ലഹരി സംഘങ്ങളെ നിയമത്തിന്റെ മുന്പില് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണമെന്നും മോഹനന്‍നായര്‍ പറഞ്ഞു.
പ്രവാസി സംഘം പ്രതിഷേധിച്ചു
കോന്നി: വള്ളിക്കോട്ട് പ്രവാസിയായ ബിജുവിനെയും കുടുംബത്തെയും മര്‍ദിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കേരള പ്രവാസി സംഘം കോന്നി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
മയക്കുമരുന്നുവിതരണവും, മദ്യപാനവും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാത്രിയില്‍ സംഘം വീടുകയറി ആക്രമണം നടത്തിയത്.കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കണമെന്നും ഏരിയാ സെക്രട്ടറി ഷാഹീര്‍ പ്രണവം ആവശ്യപ്പെട്ടു.