എംസി റോഡിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
1513149
Wednesday, February 12, 2025 2:41 AM IST
തിരുവല്ല: എംസി റോഡിൽ മുത്തൂരിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മുത്തൂർ എസ്എൻഡിപി സരസ്വതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്ക് ഒരേ ദിശയിൽ എത്തിയ ബസുകളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്. ചങ്ങനാശേരി ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതിന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് പിന്നിൽ ഇടിച്ചു.
തൊട്ടു പിന്നാലെ എത്തിയ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസിനു പിന്നിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ രണ്ട് ആംബുലൻസുകളിലായി തിരുവല്ല ടിഎംഎം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.