പിഎം റോഡിലെ അമിതവേഗം: ഒരു ജീവന്‍കൂടി പൊലിഞ്ഞു
1512955
Tuesday, February 11, 2025 3:16 AM IST
പത്തനംതിട്ട: പിഎം റോഡില്‍ വീണ്ടും അപകടം; ചരക്കുലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം എസ്. രാജേന്ദ്രൻ മകൻ തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്ണമിയില് ആർ.എല്‍. ആദര്‍ശാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രി 8.20 ന് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയ്ക്കും കുമ്പഴയ്ക്കും മധ്യേയാണ് അപകടം.
ഇരുവാഹനങ്ങളും നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വട്ടംകറങ്ങിയ കാര്‍ അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്.
ലോറിയുടെ ഡ്രൈവര്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആദര്‍ശിനെ ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മരിച്ച ആദര്‍ശ് തിരുവനന്തപുരം ലുലു മാള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. ഭാര്യ: മേഘ. മകൻ: ആര്യന്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഹോണ്ട സിറ്റി കാറില്‍ റാന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ആദര്‍ശ്. അമിതവേഗത്തില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ. സ്കൂളിനു സമീപം എതിരേ വന്ന ചരക്കു ലോറിയിലേക്ക് പാഞ്ഞു കയറിയ ശേഷം നിയന്ത്രണം തെറ്റിയാണ് അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്തു നിന്നത്.
കാറിനുള്ളില്‍ എയര്‍ബാഗ് വിടര്‍ന്നെങ്കിലും യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറിയുടെ ആക്സിലും പ്ലേറ്റും ഒടിഞ്ഞു.