യുവതിയുടെ മരണത്തിൽ ദുരൂഹത; പരിശീലനകേന്ദ്രത്തിലേക്ക് മാർച്ച്
1513152
Wednesday, February 12, 2025 2:41 AM IST
അടൂർ: പത്തൊന്‍പതുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിവിധ സംഘടനകൾ അടൂരിൽ കരസേനയുടെ അഗ്നിവീർ റിക്രൂട്ട്മെന്റ് ഏജൻസിയിലേക്ക് മാർച്ച് നടത്തി.
കൂടൽ മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ് - രാജി ദന്പതികളുടെ മകൾ ഗായത്രിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മാർച്ച് നടന്നത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടത്.
മാതാവ് രാജി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയും ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും ഗായത്രി മരിച്ചിരുന്നു.
അടൂരിലെ പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയായിരുന്നു ഗായത്രി. പരിശീലകൻ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ഗായത്രിയുടെ മാതാവ് പോലീസിൽ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
പിന്നാലെയാണ് ഇന്നലെ വിവിധ സംഘടനകൾ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്. ഇവർ സ്ഥാപനത്തിനു നാശനഷ്ടങ്ങളുണ്ടാക്കിയതായും പരാതിയുണ്ട്.