പൊയ്യാനില്‍ ആശുപത്രിയില്‍ സ്പെഷാലിറ്റി സേവനങ്ങളുമായി ബിലീവേഴ്സ് മെഡിക്കല്‍ കോളജ്
1513163
Wednesday, February 12, 2025 2:59 AM IST
തിരുവല്ല: മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമായി കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തില്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ആരംഭിച്ചു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊയ്യാനില്‍ ആശുപത്രിയില്‍ സേവനമാരംഭിച്ച വിഭാഗങ്ങളുടെ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ തിയോഫിലോസ് നിര്‍വഹിച്ചു.
സാധാരണക്കാരായ ജനങ്ങള്‍ക്ക് ലോകനിലവാരമുള്ള ചികിത്സയും പരിചരണവും നല്കുവാന് ബിലീവേഴ്സ് - പൊയ്യാനില്‍ സഹകരണം കാരണമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
പൊയ്യാനില്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസഫ് ജോര്‍ജ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഫാ. സജു തോമസ്, ബിലീവേഴ്സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റോസി മാര്‍സൽ, പൊയ്യാനില്‍ ആശുപത്രി ചീഫ് നഴ്സിംഗ് ഓഫീസര്‍ വിമല കുരുവിള, സാറ ബിന്ദു ജോര്‍ജ്, ജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
എമര്‍ജന്‍സി, സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ ആരംഭിച്ചിരിക്കുന്ന സംരംഭം കൂടുതല്‍ വിപുലമാക്കുവാനും വിവിധ ആരോഗ്യസേവനങ്ങളില്‍ കൈകോര്‍ക്കുവാനും ബിലീവേഴ്സ് ആശുപത്രിയും പൊയ്യാനില്‍ ആശുപത്രിയും പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇതര മെഡിക്കല്‍ വിഭാഗങ്ങളും സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളും കൂടി ആരംഭിക്കുമെന്നും ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.