കേസുകൾ കൂടുന്പോഴും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ നിർജീവം
1513160
Wednesday, February 12, 2025 2:59 AM IST
പത്തനംതിട്ട: ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ നിർജീവം. സ്കൂൾകുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് തെറ്റുകൾക്ക് തടയിടാനായി പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചതാണ് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ. വാർഡ് അടിസ്ഥാനത്തിൽ വരെ കമ്മിറ്റി രൂപീകരിക്കണമെന്ന് പലയിടത്തും പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും അറിയുകപോലുമില്ല.
സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും പെൺകുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നവരും തമ്പടിക്കുന്നത് നിരീക്ഷിക്കേണ്ട ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾക്കാണ്. കുട്ടികളുടെ സ്വഭാവ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകണം. ഇതിനായി പ്രത്യേക ഫണ്ടും നീക്കിവയ്ക്കണം. എന്നാൽ, ഈ ഫണ്ട് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായി മാത്രം വിനിയോഗിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട കൗൺസിലർമാരുടെ നിയമനങ്ങളും നടത്തിയിട്ടില്ല. പഞ്ചായത്തുതലത്തിൽ കുട്ടികളെ ബോധവത്കരിക്കാനും തെറ്റുകളിലേക്ക് കടക്കുന്ന കുട്ടികളെ ജില്ലാതലത്തിലുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയാണ് വേണ്ടത്. തുടക്കത്തിലെ കൗൺസലിംഗ് ഇല്ലാതായതോടെ പീഡനങ്ങൾക്കും ലഹരിക്കും അടിമപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടി.
പോക്സോ കേസുകളുടെ ബാഹുല്യം; ബോധവത്കരണവുമായി പോലീസ്
പത്തനംതിട്ട: ലൈംഗിക പീഡന സംഭവങ്ങളിൽ കുട്ടികൾ ഇരകളാകുന്നതും,കൗമാരക്കാർ ഇത്തരം കുറ്റകൃത്യങ്ങളിൽപെടുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവ്തകരണ പ്രവർത്തനങ്ങളുമായി പോലീസ്.
റാന്നി എസ് സി എച്ച്എസ്എസിൽ വിദ്യാർഥികൾക്കായി പോക്സോ നിയമത്തെ സംബന്ധിച്ച ക്ലാസിന് എസ്ഐ റെജി തോമസ് നേതൃത്വം നൽകി. കുട്ടികൾക്ക് നേരേയുള്ള എല്ലാത്തരം ലൈംഗിക അതിക്രമങ്ങളും അവയുടെ ശിക്ഷകളും മറ്റും സംബന്ധിച്ച വകുപ്പുകൾ, പോലീസ് നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
കേരള മഹിളാ സമഖ്യ സൊസൈറ്റിയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണവും ഉണ്ടായിരുന്നു. മഹിളാ സമഖ്യ കോർഡിനേറ്റർ അമ്പിളി, സ്കൂൾ ഹെഡ്മിസ്ട്രസ് ആനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.