കുടിവെള്ള പദ്ധതികൾക്കും ആശങ്ക : അടിത്തട്ട് താഴ്ന്ന് പന്പാനദി; ഉപ്പുവെള്ളം കലരുന്നു
1513147
Wednesday, February 12, 2025 2:41 AM IST
പത്തനംതിട്ട: വേനൽ കടുത്തതിനു പിന്നാലെ പന്പാനദിയിലെ നീരൊഴുക്ക് കുറഞ്ഞത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുന്നു. കുട്ടനാട്ടിലെത്തുന്ന നദിയിൽ നീരൊഴുക്ക് കുറഞ്ഞതോടെ വേന്പനാട്ട് കായലിൽ നിന്നുള്ള വെള്ളം കലരുന്നതായി റിപ്പോർട്ടുകളുണ്ട്. പാടശേഖരങ്ങളിലും തോടുകളിലും ഉപ്പുവെള്ളത്തിന്റെ അളവ് കൂടുതലെന്നു കണ്ടതോടെ പന്പാനദിയിലേക്ക് സംഭരണികൾ തുറന്ന് കൂടുതൽ വെള്ളം എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
എന്നാൽ സംഭരണികൾ തുറക്കുന്നതിലൂടെ നദിയിൽ നാമമാത്രമായി മാത്രമേ ജലനിരപ്പ് ഉയരാനിടയുള്ളൂ. മണിയാർ, കുള്ളാർ ഡാമുകളിൽ നിന്ന് കൂടുതൽ വെ ള്ളം തുറന്നുവിടാനാണ് തീരുമാനം.
പത്തനംതിട്ട ജില്ലയിൽ പതിനെട്ടോളം പ്രധാന ശുദ്ധജല വിതരണ പദ്ധതികൾ പന്പാനദിയെ ആശ്രയിച്ചുള്ളവയാണ്. പന്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ നദിയുടെ അടിത്തട്ടും ജലവിതാനവും അഞ്ചുമീറ്ററിലധികം താഴ്ന്നിട്ടുണ്ട്. ഇതോടെ വേനൽക്കാലത്ത് നിശ്ചിത അളവിൽ വെള്ളം ലഭ്യമല്ല.
അടിത്തട്ട് ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ശുദ്ധജലവും ലഭ്യമല്ല. പല പദ്ധതികളിലും പന്പിംഗ് തന്നെ മുടങ്ങുന്ന സ്ഥിതിയുണ്ട്. പുതുതായി കിണറുകൾ സ്ഥാപിച്ച് പന്പിംഗ് നടത്താനുള്ള ശ്രമവും നടന്നുവരുന്നു.
വൃഷ്ടിപ്രദേശങ്ങളിൽ ഭൂഗർഭജലവിതാനം താഴ്ന്നതോടെ സമീപത്തെ കിണറുകളും വേഗത്തിൽ വറ്റുകയാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതാണ് ഓരുവെള്ളം ഇതിലേക്ക് കയറാനിടയാക്കുന്നത്. ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണെന്ന് അധികൃതർ പറയുന്നു.
2018നുശേഷം അടിത്തട്ട് ചെളി നിറഞ്ഞു
2018ലെ മഹാപ്രളയത്തിനുശേഷം പന്പാനദിയുടെ അടിത്തട്ട് ക്രമാതീതമായി താഴുകയായിരുന്നു. മണൽ പലയിടത്തും അടിഞ്ഞുവെങ്കിലും ഇതു സംരക്ഷിച്ചു നിർത്താൻ അടിത്തട്ട് പ്രാപ്തമായിരുന്നില്ല. മഹാപ്രളയത്തിനുശേഷമുള്ള സ്വാഭാവിക പ്രതിഭാസമായി ഇതിനെ കണ്ടുവരുന്നു.
മണലിന്റെ ശേഖരം നദിയിൽ കൂടുതലുണ്ടെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് ചെളിയുമായി കലർന്നിരിക്കുന്നതിനാൽ മുന്പ് നദിക്കു ലഭിച്ചിരുന്ന സംരക്ഷണം ഇപ്പോഴുണ്ടാകുന്നില്ല. അടിയൊഴുക്ക് ശക്തമായതിനാൽ മണൽ ഒരുഭാഗത്തായി കേന്ദ്രീകരിക്കപ്പെടുന്നതുമില്ല.
ഇതോടെ അടിത്തട്ട് ചെളി നിറഞ്ഞ് വെള്ളമൊഴുക്ക് വേഗത്തിലാക്കും. പ്രളയ കാലഘട്ടത്തിൽ പോലും രണ്ടുദിവസം മഴ പെയ്യുന്നില്ലെങ്കിൽ നദി ശോഷിക്കുന്നതു പതിവുകാഴ്ചയാണ്. ഇത്തവണയും വേനൽ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നദി നീർച്ചാൽ മാത്രമായി പലയിടത്തും മാറിയിരുന്നു.