വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ പിടികൂടി
1512952
Tuesday, February 11, 2025 3:16 AM IST
പത്തനംതിട്ട: വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി, പോലീസ് വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്.
കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പാണ് (36) കോന്നി പോലീസിന്റെ വ്യാപകമായ അന്വേഷണത്തേതുടർന്ന് പിടിയിലായത്. 2022 മാർച്ച് ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് വിവാഹം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർഗോഡുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി, അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടർന്നാണ്,ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കലിൽ വിവാഹം ചെയ്തു.
കോന്നി പോലീസിനെ ഇവരാണ് പരാതിയുമായി സമീപിച്ചത്. ശനിയാഴ്ച കോന്നി പോലീസിൽ കൊടുത്ത പരാതിപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്ക് ശേഷം, ഇയാളെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാസർഗോഡ്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് പ്രതി ബലാത്സംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. കോന്നി പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.